തൊടുപുഴ : മുനിസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പുതിയ കംഫർട്ട് സ്റ്റേഷൻ ശിലാസ്ഥാപനവുമായി ബന്ധപ്പെട്ട് ഇടതു കൗൺസിലർമാർ നടത്തിയ പ്രസ്താവന തെറ്റാണെന്ന് മുനിസിപ്പൽ ആക്ടിംഗ് ചെയർമാൻ അഡ്വ. സി.കെ ജാഫർ വ്യക്തമാക്കി. കഴിഞ്ഞ വർഷം ഈ പദ്ധതിയുടെ ടെണ്ടർ കരാർ വരെയുള്ള കാര്യങ്ങൾ പൂർത്തീകരിച്ചിരുന്നു. എന്നാൽ കരാർ ഏറ്റെടുക്കാൻ തയ്യാറായ വ്യക്തിക്കെതിരെ കൗൺസിലിൽ ആക്ഷേപമുന്നയിച്ച് പദ്ധതി തടസപ്പെടുത്താൻ മുന്നിട്ടിറങ്ങിയവർ ഇതേ ജനപ്രതിനിധികളായിരുന്നു. എൻജിനിയറിംഗ് വിംഗിലെ ചില കുറിപ്പുകൾ ചൂണ്ടിക്കാട്ടി കംഫർട് സ്റ്റേഷൻ നിർമ്മാണം വൈകിപ്പിച്ചതും കരാറുകാരൻ പ്രാപ്തനല്ലെന്നും പറഞ്ഞ് വികസനം തടസപ്പെടുത്തിയവർ കഴിഞ്ഞ രണ്ടാഴ്ച മുമ്പ് ചേർന്ന കൗൺസിലിൽ ഇവർ തന്നെ അനഭിമതനായ കരാറുകാരനെ നിർമ്മാണജോലി ഏൽപ്പിച്ചശേഷം പിതൃത്വം അവകാശപ്പെടുന്നത് വിചിത്രമാണ്. ഒരു വർഷം വികസന മുരടിപ്പിന് ഇതുമൂലം കാരണമായതിന്റെ ഉത്തരവാദിത്വം ഇടതു കൗൺസിലർമാർക്കാണ്. അന്നും ഇന്നും യു.ഡി.എഫ് കൗൺസിലർമാർക്ക് ഇക്കാര്യത്തിൽ ഒരേനിലപാടാണുള്ളത്. മങ്ങാട്ടുകവല ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണ ഉദ്ഘാടനത്തിൽ വ്യത്യസ്ത അഭിപ്രായമുണ്ടായിട്ടും യു.ഡി.എഫ് ജനപ്രതിനിധികളുടെ നേതാക്കളും അവിടെ സാന്നിദ്ധ്യമറിയിച്ചപ്പോൾ കംഫർട് സ്റ്റേഷൻ ശിലാസ്ഥാപന ചടങ്ങിൽ നിന്ന് എൽ.ഡി.എഫ് വിട്ടു നിന്നത് വികസന കാര്യത്തിലെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നതെന്നും ജാഫർ പറഞ്ഞു.