munnar-eng-clg
മൂന്നാർ എൻജിനീയറിംഗ് കോളേജ്

ഇടുക്കി: കാലാവസ്ഥാ വ്യതിയാന ഗവേഷണ രംഗത്ത് വിപ്ലവകരമായ മുന്നേറ്റത്തിന് തുടക്കം കുറിച്ച് മൂന്നാർ എൻജിനിയറിംഗ് കോളേജ് കാമ്പസിൽ രാജ്യത്തെ ആദ്യ ഹൈ ആൾട്ടിറ്റ്യൂഡ് ഗവേഷണകേന്ദ്രം വരുന്നു. മദ്രാസ് ഐ.ഐ.ടി, കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന പഠന ഡയറക്ടറേറ്റ്, സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ- കേരള എന്നിവയുടെ സംയുക്ത സംരംഭമാണ് പദ്ധതി. ഇതിന്റെ പ്രവർത്തന കരാറിൽ മൂന്ന് സ്ഥാപനങ്ങളും ഒപ്പുവച്ചു.

മദ്രാസ് ഐ.ഐ.ടിയും മൂന്നാർ എൻജിനിയറിംഗ് കോളേജിലെ സിവിൽ എൻജിനിയറിംഗ് വിഭാഗവും സംയുക്തമായി നടത്തിയ പഠനറിപ്പോർട്ടുകൾ കാലാവസ്ഥ വ്യതിയാന ഗവേഷണരംഗത്ത് വളരെയേറെ പ്രയോജനം ചെയ്തിരുന്നു. ഇതേ തുടർന്നാണ്

കോളേജ് കാമ്പസിൽ സ്ഥിരം ഗവേഷണകേന്ദ്രം ആരംഭിക്കാൻ തീരുമാനിച്ചത്. ഗവേഷണ കേന്ദ്രത്തിന് ആവശ്യമായ കെട്ടിടങ്ങളുടെ നിർമ്മാണം മദ്രാസ് ഐ.ഐ.ടിയുടെ സഹായത്തോടെ ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പാണ് നിർവഹിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനം...

കാലാവസ്ഥയിൽ ഉണ്ടാകുന്ന പതിറ്റാണ്ടുകളോ ദശലക്ഷക്കണക്കോ വർഷങ്ങൾ നീണ്ടുനിൽക്കുന്ന മാറ്റം.

ഗവേഷണ കേന്ദ്രത്തിൽ..

1. ഭൂമിശാസ്ത്രപരമായ സവിശേഷതകളും കാറ്റിന്റെ ഏറ്റക്കുറച്ചിലുകളും അന്തരീക്ഷ താപനിലയിലെ മാറ്റങ്ങളും സംബന്ധിച്ച അടിസ്ഥാനപരമായ വിവരങ്ങൾ ശേഖരിച്ച് ദീർഘകാലാടിസ്ഥാനത്തിൽ ഗവേഷണങ്ങൾ നടത്തും

2.മനുഷ്യന്റെ ഇടപെടലിലൂടെയുണ്ടാകുന്ന കാലാവസ്ഥ മാറ്റങ്ങളെക്കുറിച്ച് കൃത്യമായി വിവരശേഖരണം നടത്തിയാൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ അങ്ങേയറ്റത്തെ ഘടനയിലുണ്ടാകുന്ന വിവരങ്ങൾ വരെ നിർണയിക്കാനാകുമെന്നാണ് ഗവേഷകർ പറയുന്നത്.

3.മദ്രാസ് ഐ.ഐ.ടിയിലെ പ്രൊഫ. സച്ചിൻ എസ്. ഗുന്തെ, മൂന്നാർ എൻജിനിയറിംഗ് കോളേജിലെ സിവിൽ വിഭാഗം മേധാവി പ്രൊഫ. സി.വി. ബിജു എന്നിവരുടെ നേതൃത്വത്തിലാകും ഗവേഷണം.

അനുകൂല സാഹചര്യം...

കാറ്രിന്റെ വേഗതയും ഗതിയും ശക്തിയും മറ്റ് അന്തരീക്ഷമാറ്റങ്ങളും തടസങ്ങളില്ലാതെ കൃത്യമായി രേഖപ്പെടുത്താൻ സാധിക്കുന്ന പ്രദേശത്താണ് മൂന്നാർ എൻജിനിയറിംഗ് കോളേജ് സ്ഥിതി ചെയ്യുന്നത്. ഇത് കാലാവസ്ഥാമാറ്റം സംബന്ധിച്ച പഠനത്തിന് ഏറെ അനുയോജ്യമാകുമെന്ന് ഐ.ഐ.ടിയിലെ ഗവേഷണ വിദഗ്ദ്ധർ കണ്ടെത്തിയിരുന്നു.