ചെറുതോണി: ഇടുക്കി മെഡിക്കൽ കോളേജിന്റെ തുടർ പ്രവർത്തനങ്ങൾക്ക് 300 കോടി രൂപ അനുവദിച്ചു. ബഡ്ജറ്റ് മറുപടി പ്രസംഗത്തിലാണ് ധനമന്ത്രി ഡോ. തോമസ് ഐസക് ഇക്കാര്യം അറിയിച്ചത്. മെഡിക്കൽ കോളേജിന് കൂടുതൽ തുക നീക്കി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ജോയ്സ് ജോർജ് എം.പിയും സി.പി.എം ജില്ലാ സെക്രട്ടറിയും ആരോഗ്യ- ധനകാര്യ മന്ത്രിമാർക്ക് കത്ത് നൽകിയിരുന്നു. 300 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നു വരുന്നത്. രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ 300 കോടി കൂടി അനുവദിച്ചിട്ടുള്ളത്. അക്കാദമിക് ബ്ലോക്കിന്റെ നിർമ്മാണം പൂർത്തിയായി. ആശുപത്രി സമുച്ചയത്തിന്റെയും ഹോസ്റ്റലുകളുടെയും നിർമ്മാണം പുരോഗമിക്കുകയാണ്. രണ്ടാം ഘട്ടത്തിൽ കളിസ്ഥലം, ടെന്നീസ് കോർട്ട്, ബാസ്‌കറ്റ് ബോൾ കോർട്ട്, വൈദ്യുതി സബ്സ്റ്റേഷൻ, മാലിന്യ സംസ്‌കരണ പ്ലാന്റ്, പ്രിൻസിപ്പലിന്റെ വസതി തുടങ്ങിയവ നിർമ്മിക്കുന്നതിനാണ് തുക അനുവദിച്ചിട്ടുള്ളത്. 50 മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള അക്കാദമിക് ബ്ലോക്കാണ് ഇപ്പോൾ നിർമ്മാണം പൂർത്തിയായത്. 100 വിദ്യാർത്ഥികൾക്കുള്ള സൗകര്യങ്ങളാണ് രണ്ടാംഘട്ടത്തിൽ ഒരുക്കുന്നതെന്ന് ജോയ്സ് ജോർജ് എം.പി. പറഞ്ഞു.