തൊടുപുഴ: നഗരത്തിൽ വെട്ടിപ്പൊളിച്ച റോഡുകൾ ഉടൻ റീടാർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പൊതുമരാമത്ത് വകുപ്പ് ഓഫീസ് മാർച്ചും ഉപരോധവും നടത്തി.
രണ്ടുമാസത്തോളമായി മാർക്കറ്റ് റോഡ്, കാഞ്ഞിരമറ്റം ബൈപ്പാസ് തുടങ്ങി നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പൊടിശല്യം കാരണം വ്യാപാരമേഖലയിലുണ്ടായ സ്തംഭനം കണക്കിലെടുത്താണ് അസോസിയേഷൻ പ്രത്യക്ഷ സമരത്തിനിറങ്ങിയത്. പലചരക്ക് കട, വസ്ത്രവ്യാപാരം, ഹോട്ടലുകൾ തുടങ്ങി മുഴുവൻ വ്യാപാരകേന്ദ്രങ്ങളെയും പൊടിശല്യം കാര്യമായി ബാധിച്ചു. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പുലൈൻ സ്ഥാപിക്കാൻ വെട്ടിപ്പൊളിച്ച റോഡുകൾ വീണ്ടും ടാർ ചെയ്യാത്തതാണ് പൊടിശല്യത്തിന് കാരണം. പ്രശ്നപരിഹാരം തേടി നാളുകളായി അധികൃതർക്ക് മുമ്പിൽ കയറിയിറങ്ങുകയാണ് വ്യാപാരികൾ. അതിനിടെ ഒരു ദിവസത്തെ സൂചനാ സമരവും നടത്തി. കഴിഞ്ഞദിവസം പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും മർച്ചന്റ്സ് അസോസിയേഷൻ നേതാക്കളുമായി നടത്തിയ ചർച്ചയിൽ ഈ ആഴ്ച ആദ്യം ടാറിംഗ് നടത്തുമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ പറഞ്ഞ അവധി കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. ഇതിൽ പ്രതിഷേധിച്ചാണ് ഇന്നലെ വീണ്ടും മർച്ചന്റ്സ് അസോസിയേഷൻ മാർച്ചും ഉപരോധവും നടത്തിയത്. വ്യാപാര ഭവൻ അങ്കണത്തിൽ നിന്ന് ആരംഭിച്ച മാർച്ച് നഗരം ചുറ്റി പൊതുമരാമത്ത് വകുപ്പ് ഓഫീസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ഉപരോധസമരം അസോസിയേഷൻ പ്രസിഡന്റ് നാഗൂർകനി ഉദ്ഘാടനം ചെയ്തു. പി. വേണു, കെ. വിജയൻ, ജമാൽ മുഹമ്മദ്, ജെയിൻ എം. ജോസഫ്, ടി.എൻ പ്രസന്നകുമാർ, ജയശങ്കർ, പ്രശാന്ത് കുട്ടപ്പാസ് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് സാലി എസ്. മുഹമ്മദ് സ്വാഗതവും പി. അജീവ് നന്ദിയും പറഞ്ഞു.