ഇടുക്കി: ജില്ലയ്ക്ക് 5000 കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നതായി റോഷി അഗസ്റ്റിൻ എം.എൽ.എ. പറഞ്ഞു. ബഡ്ജറ്റ് മുറുപടി പ്രസംഗത്തിൽ ഇടുക്കിയെ പ്രത്യേക പാക്കേജിൽ ഉൾപ്പെടുത്തണമെന്ന് ധനമന്ത്രിയോടും മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു. കാർഷിക മേഖലയുടെ സമ്പൂർണ്ണമായ പുനരുദ്ധാരണത്തിനും റോഡുകളുടെ നവീകരണത്തിനും മെഡിക്കൽ കോളേജിന്റെയും ടൂറിസം മേഖലയുടെ സമഗ്രമായ വികസനത്തിനും വഴിയൊരുക്കുന്ന വിധത്തിൽ പാക്കേജിനു രൂപം നൽകാൻ തയ്യാറാകണം. വീട് പൂർണമായും ഭാഗികമായും നഷ്ടമായവർക്കും ഭൂമി ഒലിച്ചുപോയവർക്കും പാക്കേജിൽ പ്രത്യേക പരിഗണന നൽകണം. കർഷകർ എടുത്തിട്ടുള്ള എല്ലാ കടങ്ങളും എഴുതിത്തള്ളുന്നതിനും ഹ്രസ്വകാല-ദീർഘകാല വായ്പകൾ പലിശ രഹിതമായി നൽകുന്നതിനുമുള്ള തീരുമാനം പാക്കേജിൽ ഉൾപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കുമെന്ന് പ്രതീഷിക്കുന്നതായി എം.എൽ.എ അറിയിച്ചു.