ഇടുക്കി: ജില്ലയിലെ മുപ്പതോളം ഗവ.ഹൈ സ്‌കൂളുകളിലും ആനവിരട്ടി, ഇരുമ്പുപാലം, തേർഡ് ക്യാമ്പ്, ഏലപ്പാറ എന്നീ പ്രൈമറി സ്‌കൂളുകളിലും അടിയന്തരമായി പ്രധാന അദ്ധ്യാപകരെ നിയമിക്കണമെന്ന് കെ.എസ്.യു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇടത് ഭരണത്തിൽ പൊതുവിദ്യാഭ്യാസ മേഖല നാഥനില്ലാ കളരികളായി അധപതിച്ചിരിക്കുകയാണ്. ഇടത് അദ്ധ്യാപക സംഘടനയുടെ ദുഷ്ടലാക്കോടെയുള്ള നീക്കമാണ് നിയമനങ്ങൾ നടത്താൻ സാധിക്കാത്തതിന് പിന്നിലെന്നും ഇത് പൊതുവിദ്യാഭ്യാസ മേഖലയെ തകർത്ത് അൺഎയ്ഡഡ് സ്വകാര്യമേഖലയെ സഹായിക്കുന്നതിന് വേണ്ടിയാണെന്നും കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് ആരോപിച്ചു. അടിയന്തര നടപടി ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. തുടർ നടപടികൾ ഉണ്ടാകാത്ത പക്ഷം പ്രത്യക്ഷ സമരത്തിന് കെ.എസ്.യു ജില്ലാ കമ്മിറ്റി നേതൃത്വം നൽകുമെന്നും ടോണി തോമസ് പറഞ്ഞു. ജില്ലാ ഭാരവാഹികളായ സിബി ജോസഫ്, നിതിൻ ലൂക്കോസ്, റംഷാദ് റഫീക്ക്, അമൽ ജോഷി, ജസ്റ്റിൻ സോജൻ, ജിതിൻ തോമസ് എന്നിവർ പ്രസംഗിച്ചു.