ചെറുതോണി: പ്രളയത്തിൽ തകർന്ന ജില്ലയുടെ പുനർനിർമ്മാണത്തിന് 5000 കോടിയുടെ കാർഷിക പാക്കേജ് അനുവദിച്ചതിലൂടെ സംസ്ഥാന സർക്കാർ ജില്ലയെ ഉള്ളംകൈയിൽ സംരക്ഷിക്കുകയാണെന്ന് ജോയ്സ് ജോർജ് എം.പി. പറഞ്ഞു. പ്രകൃതി ദുരന്തത്തിൽ എല്ലാം നഷ്‌ടപ്പെട്ട ജനതയുടെ തിരിച്ചുവരവിന് പാക്കേജ് സുപ്രധാന പങ്കു വഹിക്കും. ഇടുക്കി പാക്കേജ് അനുവദിക്കുന്നതിന് മുഖ്യമന്ത്രിയുമായും ധനകാര്യ മന്ത്രിയുമായും ചർച്ച നത്തിയിരുന്നു. ആവശ്യമായ രാഷ്ട്രീയ ഇടപെടലുകൾ നടത്തിയ എൽ.ഡി.എഫ് ജില്ലാ നേതൃത്വവും ജനങ്ങളോടുള്ള പ്രതിബദ്ധത ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. കാർഷിക മേഖലയുടെ പുനരുദ്ധാരണം, ഗ്രാമീണ റോഡുകളുടെ പുനർനിർമ്മാണം, ക്ഷീരകാർഷിക മേഖലയുടെ തിരിച്ചുവരവ്, കാർഷിക വായ്പകൾ, പലിശ ഇളവുകളും സബ്സിഡികളും, ചെറുകിട വ്യാപാരികൾക്കുള്ള പദ്ധതികളും ഉൾക്കൊള്ളുന്നതാണ് ഇടുക്കി പാക്കേജ്. ഏലം, ഗ്രാമ്പു, കുരുമുളക്, ജാതി, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ സുഗന്ധവ്യജ്ഞന കൃഷികൾക്കുള്ള പാക്കേജ് ജീവനോപാധികൾ നഷ്‌പ്പെട്ട കർഷകരുടെ തിരിച്ചുവരവാകും. ജില്ലയുടെ സാമൂഹ്യ പ്രശ്നങ്ങളിൽ ഇടപ്പെട്ടുവരുന്ന പൊതുപ്രവർത്തകരുടെയും കാർഷിക രംഗത്തെ വിദഗ്ദ്ധരുടെയും അഭിപ്രായങ്ങൾ സമാഹരിച്ചാണ് പാക്കേജിനുള്ള നിർദ്ദേശങ്ങൾ തയ്യാറാക്കിയത്. പാക്കേജ് വേഗത്തിൽ നടപ്പിലാക്കുന്നതിനുള്ള തുടർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും എം.പി പറഞ്ഞു.