തൊടുപുഴ: കുളിക്കടവ്, സ്കൂൾ, മാർക്കറ്റ് എന്നിവയ്ക്ക് ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭയുടെ അടിയന്തര കൗൺസിൽ യോഗത്തിൽ രൂക്ഷമായ വാക്പോര്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള യു.പി സ്കൂളിനും മണക്കാട് എൽ.പി സ്കൂളിനും ഫർണീച്ചർ വാങ്ങൽ, കിഴക്കേ മാർക്കറ്റിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം, കാഞ്ഞിരമറ്റം സ്കൂളിന് സംരക്ഷണ ഭിത്തി നിർമ്മാണം, മുതലിയാർമഠത്തെയും കുമ്മങ്കല്ലിലെയും വാർഡുകളിലെ കുളിക്കടവുകളുടെ നിർമ്മാണം എന്നിവയ്ക്ക് ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു രാജീവ് പുഷ്പാംഗദൻ, രേണുക രാജശേഖരൻ, എം.കെ. ഷാഹുൽ ഹമീദ്, സബീന ബിഞ്ചു എന്നിവർ തമ്മിൽ രൂക്ഷമായ തർക്കം നടന്നത്. ബാബു പരമേശ്വരൻ, ആർ. ഹരി, സഫിയ ജബാർ, എ.എം. ഹാരിദ്, ജെസി ആന്റണി എന്നിവരുടെ ഇടപെടലിനെ തുടർന്ന് നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് കാഞ്ഞിരമറ്റം സ്കൂളിന്റെ സംരക്ഷഭിത്തി നിർമ്മിക്കാനും മാർക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കാനും ഓരോ ലക്ഷം രൂപ വീതവും നഗരസഭ യു.പി. സ്കൂളിനും മണക്കാട് എൽ.പി സ്കൂളിനും ഒന്നര ലക്ഷം രൂപവീതവും അനുവദിക്കാൻ തീരുമാനിച്ചതോടെയാണ് രംഗം ശാന്തമായത്. 17-ാം വാർഡിലെയും 20-ാം വാർഡിലെയും കൗൺസലർമാർ കുളിക്കടവ് നിർമ്മാണത്തിന് പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടങ്കിലും ഫണ്ടിന്റെ അപര്യാപ്തതയിൽ തീരുമാനം എടുക്കാനായില്ല. 12-ാം വാർഡിലെ അംഗൻവാടിക്ക് വൈദ്യുതിയും കുടിവെള്ള സംവിധാനവും പുനഃസ്ഥാപിക്കാൻ 2016ൽ കൗൺസിൽ തീരുമാനിച്ചെങ്കിലും പ്രാവർത്തികമാകാത്തതിൽ വാർഡ് കൗൺസിലർ പ്രതിഷേധിച്ചു. അടുത്ത കൗൺസിലിന് മുമ്പ് പദ്ധതി പൂർത്തീകരിക്കാൻ യോഗം തീരുമാനിച്ചു. അജണ്ടയിലില്ലാത്ത വിഷയങ്ങൾ ചർച്ചയ്ക്ക് എടുക്കുന്നതിനെ പ്രതിപക്ഷ കൗൺസിലർമാർ വിമർശിച്ചു.

ഫണ്ട് മറ്റ് വാർഡുകളിൽ ചെലവഴിക്കണ്ട

ഒരു വാർഡിൽ ടെണ്ടർ സേവ് വരുന്ന ഫണ്ട് മറ്റ് വാർഡുകളിൽ ചിലവഴിക്കുന്നതിലും കൗൺസിലിൽ എതിർപ്പുണ്ടായി. അടുത്ത വർഷംമുതൽ വാർഡുകളിൽ മിച്ചം വരുന്ന ടെണ്ടർ സേവ് ഫണ്ട് അതത് വാർഡുകളിൽ തന്നെ ചെലവഴിക്കാനും തീരുമാനിച്ചു.