ഇടുക്കി​: കസ്തൂരിരംഗൻ, ഗാഡ്ഗിൽ തുടങ്ങിയ പേരുകൾ ആവർത്തിച്ച് കർഷകരെ ചിലർ ഒറ്റുകാരാക്കുന്നതായി കോൺഗ്രസ് (എം) വൈസ് ചെയർമാൻ ജോസ് കെ. മാണി എം.പി പറഞ്ഞു. ജോസ് കെ.മാണി നയിക്കുന്ന കേരളയാത്രയുടെ ജില്ലയിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ചോദിക്കാനും പറയാനും ആരുമില്ലാത്തവർ കർഷകർ മാത്രമാണ്. പ്രളയത്തിൽ കൃഷി തകർന്നവർക്കും ഭൂമി നഷ്ടപ്പെട്ടവർക്കും സഹായം നൽകുമെന്ന് പ്രഖ്യാപിച്ച സർക്കാർ ആറ് മാസം പിന്നിടുമ്പോഴും ഒന്നും ചെയ്തില്ല. ഭാഗികമായും പൂർണമായും തകർന്ന വീടുകൾ നിരവധിയാണ്. ഒരു വീട് പോലും പുനർനിർമ്മിക്കാൻ ഈ സർക്കാരിന് കഴിഞ്ഞിട്ടില്ല. ദീർഘകാല വിളകളെ സംരക്ഷിക്കാൻ ബഡ്ജറ്റിൽ പ്രഖ്യാപനം ഉണ്ടാകുമെന്ന് കരുതിയ കർഷകർക്ക് കടുത്ത നിരാശയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.