mlavu
കയർ കഴുത്തിൽ കുരുങ്ങി ചത്ത നിലയിൽ കണ്ടെത്തിയ മ്ലാവ്

ചെറുതോണി: ഇടുക്കിയിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മ്ലാവിനെ കയർ കഴുത്തിൽ കുരുങ്ങി ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് പ്രദേശവാസികൾ മ്ലാവിനെ കഴുത്തിൽ കയർ കുരുങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തും മുമ്പു തന്നെ മ്ലാവ് ശ്വാസംമുട്ടി ചത്തിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കണ്ടതിനെ തുടർന്ന് വനം വകുപ്പ് കേസെടുക്കുകയും എഫ്.ഐ.ആർ കോടതിയിൽ നൽകുകയും ചെയ്തു. ഇടുക്കിയിൽ ആഡംബര ഹോട്ടൽ നടത്തുന്ന വ്യക്തിയുടെ പുരയിടത്തിലാണ് മ്ലാവ് ചത്തത്. കയർകൊണ്ടുണ്ടാക്കിയ കെണിയിലാണ് മ്ലാവ് കുരുങ്ങിയത്. മ്ലാവിന് 200 കിലോയിലധികം തൂക്കമുണ്ട്. അധികം ആളുകൾ എത്താത്ത ഭാഗത്താണ് കുരുക്ക് സ്ഥാപിച്ചിരുന്നത്. പുല്ലുചെത്താൻ ഇവിടെയെത്തിയവരാണ് മ്ലാവിനെ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. അതിനാലാണ് സംഭവം പുറംലോകം അറിയാനിടയായത്. വിശാലമായ കൃഷിയിടമാണിത്. തൊഴിലാളികൾ മാത്രമാണ് സ്ഥിരമായി ഉണ്ടാകാറുള്ളത്. എന്നാൽ അവിചാരിതമായി നാട്ടുകാർ സംഭവം കണ്ടതോടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. രാത്രയിലാണ് മ്ലാവ് കുടുങ്ങിയിരുന്നതെങ്കിൽ പുറംലോകം അറിയില്ലായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ആളുകൾ കടന്നുചെല്ലാത്ത ഭാഗമായതിനാൽ തന്നെ മ്ലാവ്, കേഴ, മുള്ളൻപന്നി, എന്നിവയുൾപ്പെടെയുള്ള മൃഗങ്ങൾ ഇവിടെ ഭക്ഷണംതേടി സ്ഥിരമായി എത്താറുണ്ട്. പെരിയാറിന്റെ കരയിലായതിനാൽ വന്യമൃഗങ്ങൾക്ക് വെള്ളവും തീറ്റയും യഥേഷ്ടം ലഭിക്കുമായിരുന്നു. അതിനാൽ ധാരാളം വന്യമൃഗങ്ങൾ ഈപ്രദേശത്ത് എത്തിയിരുന്നു. ഈ സഹാചര്യം മുതലെടുത്ത് ഇവിടെ സ്ഥിരമായി കെണിവച്ച് മൃഗങ്ങളെ പിടികൂടാറുണ്ടായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു. സ്ഥലത്തിന്റെ യഥാർത്ഥ ഉടമ ഹൈദ്രാബാദിലാണ്. ഇയാളുടെ ബന്ധുവാണ് ഇപ്പോൾ കൃഷിയിടവും അനുബന്ധ സ്ഥാപനങ്ങളും നോക്കി നടത്തുന്നത്. പ്രതികളെ ഉടൻ പിടികൂടുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.