ചെറുതോണി: വൈദ്യുതി ബില്ലടയ്ക്കാത്തതിനെ തുടർന്ന് കണക്ഷൻ വിച്ഛേദിക്കാനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരെ മർദ്ദിച്ചയാളെ ഇടുക്കി പൊലീസ് അറസ്റ്റുചെയ്തു. വാഴത്തോപ്പ് പൂന്തുരുത്തിയിൽ തങ്കച്ചനെയാണ് ഇടുക്കി എസ്.ഐ ടി.സി. മുരുകന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്. ഇന്നലെ രാവിലെ 10.30നാണ് സംഭവം. തങ്കച്ചന്റെ വീട്ടിലെ വൈദ്യുതി ബിൽ അടയ്ക്കാത്തതിനെ തുടർന്ന് ബന്ധം വിച്ഛേദിക്കാനാണ് കെ.എസ്.ഇ.ബി ജീവനക്കാരെത്തിയത്. വിച്ഛേദിക്കുന്നതിന് മുമ്പായി സ്ഥിരീകരണത്തിനായി തങ്കച്ചനോട് ഇവർ കൺസ്യൂമർ നമ്പർ ചോദിച്ചു. നമ്പർ ചോദിക്കുന്നത് വൈദ്യുതി ബന്ധം വിച്ഛേദിക്കാനാണെന്ന് മനസിലായ തങ്കച്ചൻ ഭാര്യ ബില്ലടയ്ക്കാനായി പോയിട്ടുണ്ടെന്ന് ജീവനക്കാരോട് പറഞ്ഞു. എന്നാൽ ബിൽ അടച്ചിട്ടില്ലെന്നും കണക്ഷൻ വിച്ഛേദിക്കുകയല്ലാതെ വേറെ വഴിയില്ലെന്നും ജീവനക്കാർ പറഞ്ഞു. തുടർന്ന് പ്രകോപിതനായ തങ്കച്ചൻ കാപ്പിയുടെ കമ്പ് മുറിച്ച് രണ്ട് ജീവനക്കാരെയും മർദ്ദിക്കുകയായിരുന്നു. വൈദ്യുതി വകുപ്പിലെ ജീവനക്കാരായ റെജിമോൻ, ഉദയകുമാർ എന്നിവർക്കാണ് മർദ്ദനമേറ്റത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.