അണക്കര: വനം- വൈദ്യുതി വകുപ്പുകളുടെ വടംവലിയിൽ അണക്കര ജംഗ്ഷനിലെ ഒരു കൂറ്റൻ തണൽ മരത്തിന് കൂടി ചരമഗീതം മുഴങ്ങുന്നു. തലയ്ക്കുമുകളിൽ വൈദ്യുതി ലൈനുകൾ തൊട്ടുരുമി നിൽക്കുന്നതാണ് പതിറ്റാണ്ടുകൾ പ്രായമുള്ള വാകമരത്തിന് വിനയായിരിക്കുന്നത്.
കാറ്റുവീശുമ്പോൾ വൈദ്യുതിലൈനും മരച്ചില്ലകളും തമ്മിലുരസുന്നത് ടൗണിലെ വ്യാപാരികൾക്കും നാട്ടുകാർക്കും കനത്ത ഭീഷണിയുമാണ്. ലൈനിൽ മുട്ടുന്നത് ആരുടെ മരമായാലും മുമ്പിൻ നോക്കാതെ വെട്ടിമാറ്റുകയാണ് കെ.എസ്.ഇ.ബിയുടെ നയം. എന്നാൽ പൊതുസ്ഥലത്ത് വർഷങ്ങളായി നിൽക്കുന്ന തണൽമരത്തിന്റെ കാര്യമാകുമ്പോൾ കോടാലി പ്രയോഗം അത്ര എളുപ്പമാകില്ല. എന്നാൽ സംഭവം അപകടാവസ്ഥയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ പ്റശ്നപരിഹാരം അടിയന്തരമായി ഉണ്ടാവുകയും വേണം.
അപകട സാധ്യത
നിരവധി വ്യാപാര സ്ഥാപനങ്ങൾക്ക് സമീപത്ത് നിൽക്കുന്ന മരത്തിന് മുകളിൽ 11 കെ.വി ലൈനും ലോ- ടെൻഷൻ ലൈനുകളും വലകെട്ടിയതുപോലെ തൊട്ടുരുമിയാണ് നിൽക്കുന്നത്. ലൈനിൽ മുട്ടുന്ന മരച്ചില്ലകൾ വഴി മണ്ണിലേക്ക് വൈദ്യുതി പ്രവഹിക്കാനുള്ള സാധ്യതയും ഏറെയാണ്. ചെറിയ മഞ്ഞുവീഴ്ചയുള്ള സമയത്തും അന്തരീക്ഷത്തിൽ ഈർപ്പമുള്ളപ്പോഴും മരത്തിലൂടെ വൈദ്യുതി പ്രവാഹം ഉണ്ടാകാം. മരത്തണലിൽ പകൽസമയത്ത് നിരവധി ആളുകൾ കൂട്ടംകൂടി നിൽക്കാറുള്ളതാണ്.
പ്രശ്നപരിഹാരവും എളുപ്പമല്ല
താത്കാലികമായി ശിഖരം മുറിച്ചാലും ശ്വാശത പരിഹാരമാകില്ല. പ്രശ്നപരിഹാരത്തിന് മരം ചുവടെ മുറിച്ചാലും വൈദ്യുതി ലൈൻ മാറ്റിവലിച്ചാലും എതിർപ്പുണ്ടാകുമെന്നതിനാൽ കെ.എസ്.ഇ.ബി അധികൃതരും പ്രതിസന്ധിയിലാണ്. മരം മുറിച്ചാൽ പരിസ്ഥിതി സ്നേഹികളും ലൈൻ മാറ്റിവലിച്ചാൽ കെട്ടിട ഉടമകളും എതിർക്കാൻ സാധ്യതയുണ്ട്.
പാതയോരത്തെ സ്ഥിരം പ്രതിഭാസം
പ്രധാന പാതയോരങ്ങളിൽ ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. മരവും വൈദ്യുതി ലൈനും തമ്മിലുള്ള ഉരസൽ വനംവകുപ്പിനും നാട്ടുകാർക്കും കെ.എസ്.ഇ.ബിയുമായുള്ള തർക്കത്തിൽ കലാശിക്കുകയാണ് പതിവ്. ലക്ഷങ്ങൾ മുടക്കി വനംവകുപ്പ് മരം നട്ടുവളർത്തും. കുറേക്കാലം കഴിഞ്ഞ് മരം വളർന്ന് പന്തലിക്കുമ്പോൾ കെ.എസ്.ഇ.ബി കോടാലിയുമായി എത്തും. സാമൂഹ്യ വനവത്കരണത്തിന്റെ ഭാഗമായി നട്ടുവളർത്തുന്ന മരങ്ങൾക്ക് വൈദ്യുതി ലൈനിൽ തട്ടുന്നതുവരെയാണ് ആയുസ്. റോഡ് വികസനം, വൈദ്യുതി ലൈൻ, കുടിവെള്ള പൈപ്പ് സ്ഥാപിക്കൽ എന്നീ കാരണങ്ങളാൽ ഭാവിയിൽ മുറിച്ചുമാറ്റാൻ സാധ്യതയുള്ള സ്ഥലത്ത് മരം നടാതിരിക്കുക എന്ന ദീർഘവീക്ഷണമില്ലായ്മയാണ് പ്രതിസന്ധിക്ക് കാരണം. മരം നടുമ്പോൾ മേലോട്ടും നോക്കാറില്ല, ലൈൻ വലിക്കുമ്പോൾ കീഴോട്ടും നോക്കാറില്ല. അങ്ങനെയുള്ള വനവത്കരണവും വൈദ്യുതീകരണവും ഒരു ബിന്ദുവിൽ കേന്ദ്രീകരിക്കുമ്പോൾ തീയും പുകയുമാകും. അതുപരിഹരിക്കാൻ ശ്രമിച്ചാലോ പക്ഷിക്കൂടും പരിസ്ഥിതിയുമൊക്കെയായി നിരവധി പ്രശ്നങ്ങൾ വേറെയും.