തിരുവനന്തപുരം: പ്രളയത്തിൽ തകർന്ന ഇടുക്കി ജില്ലയുടെ വീണ്ടെടുപ്പിന് 5000 കോടിയുടെ പാക്കേജ് ഏറെ സഹായിക്കുമെന്ന് മന്ത്രി എം.എം. മണി. ബഡ്ജറ്റ് മറുപടി പ്രസംഗത്തിൽ ജില്ലയ്ക്ക് പാക്കേജ് അനുവദിച്ച തോമസ് ഐസക്കിനെ മന്ത്രി എം.എം. മണി അഭിനന്ദിച്ചു. ജില്ലയുടെ സമഗ്ര മേഖലകളിലും പുരോഗതി പ്രാപിക്കാവുന്ന പദ്ധതികളാണ് പാക്കേജിലൂടെ പ്രഖ്യാപിച്ചിട്ടുള്ളത്. കാർഷിക മേഖലയുടെ പുനരുജ്ജീവനത്തിനാണ് ഊന്നൽ. കൂടാതെ വിനോദ സഞ്ചാരം,​ എസ്.സി/ എസ്.ടി വികസനം,​ മാലിന്യ സംസ്കരണം തുടങ്ങി പ്രത്യേക ഉപപദ്ധതികളും ആവിഷ്‌കരിച്ച് നടപ്പാക്കും. മെഡിക്കൽ കോളേജിന്റെ അടുത്ത ഘട്ടം വികസനത്തിനും തോട്ടം മേഖലയുടെ പ്രതിസന്ധി പരിഹരിക്കാനും പാക്കേജിൽ നിർദ്ദേശങ്ങളുണ്ട്. പാക്കേജിലൂടെ ഇടുക്കിയുടെ സമഗ്ര വികസനത്തിന് വഴിയൊരുങ്ങിയതായി അദ്ദേഹം പറഞ്ഞു.