മൂലമറ്റം: കരിപ്പലങ്ങാട് ട്രൈബൽ യു.പി സ്കൂളിൽ ശുചിത്വ ബോധവത്കരണ സെമിനാറും പോഷകാഹാര കിറ്റുകളുടെ വിതരണവും നടന്നു. ഇടുക്കി നെഹ്രു യുവകേന്ദ്രയും കേസരി സോഷ്യൽ സർവീസ് സൊസൈറ്റിയും ചേർന്നാണ് സെമിനാർ നടത്തിയത്. വ്യക്തി ശുചിത്വ ശീലങ്ങളും ആരോഗ്യവും എന്ന വിഷയത്തിൽ ഡോ. അമൽ. ജി. കൃഷ്ണദാസ് ക്ളാസ് നയിച്ചു. നെഹ്രു യുവകേന്ദ്ര ജില്ലാ കോർഡിനേറ്റർ സി. സനൂപ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജെയിംസ് ഡാനിയേൽ അദ്ധ്യക്ഷത വഹിച്ചു.
മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവേശനം
ഇടുക്കി: പട്ടികജാതി പട്ടികവർഗ്ഗ റസിഡൻഷ്യൽ എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പട്ടികജാതി പട്ടികവർഗ വികസ വകുപ്പുകളുടെ കീഴിൽ വിവിധ സ്ഥലങ്ങളിൽ പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികൾക്കായി പ്രവർത്തിക്കുന്ന കേരളത്തിലെ 25 മോഡൽ റസിഡൻഷ്യൽ/ ആശ്രമം സ്കൂളുകളിൽ 2019- 20 അധ്യയനവർഷം 5, 6 ക്ലാസുകളിലേക്കുള്ള വിദ്യാർത്ഥികളുടെ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. അഡ്മിഷനായുള്ള പ്രവേശന പരീക്ഷ മാർച്ച് രണ്ടിന് രാവിലെ 10 മുതൽ 12 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. രക്ഷകർത്താക്കളുടെ കുടുംബ വാർഷിക വരുമാനം 1,00,000 രൂപയോ അതിൽ കുറവുള്ളതോ ആയ വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. പ്രാക്തന ഗോത്രവർഗക്കാർക്ക് പ്രവേശന പരീക്ഷ ബാധകമല്ല. വയനാട് ജില്ലയിലെ പൂക്കോട്, ഇടുക്കി ജില്ലയിലെ പൈനാവ് എന്നിവിടങ്ങളിലെ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ ആറാം ക്ലാസിലേക്കും മറ്റ് മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ അഞ്ചാം ക്ലാസിലേക്കുമാണ് പ്രവേശനം. വിശദ വിവരങ്ങളും അപേക്ഷാ ഫോറങ്ങളുടെ മാതൃകയും ജില്ലാ പട്ടികജാതി വികസന ഓഫീസുകൾ, ഐ.റ്റി.ഡി പ്രോജക്ട് ഓഫീസ്, ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകൾ, പട്ടികവർഗ വികസന ഓഫീസുകൾ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ എന്നിവിടങ്ങളിൽ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഈമാസം 10.
പെൻഷൻ മസ്റ്ററിംഗ്
കുടയത്തൂർ: കുടയത്തൂർ ഗ്രാമപഞ്ചായത്തിൽ നിന്നും ബാങ്ക് അക്കൗണ്ട് വഴി സാമൂഹ്യ സുരക്ഷാ പെൻഷനുകൾ കൈപ്പറ്റുന്ന എല്ലാ ഗുണഭോക്താക്കളും 2019 മാർച്ച് 15 ന് മുമ്പ് അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് നടത്തണം. കൂടാതെ വിധവാ പെൻഷൻ ഗുണഭോക്താക്കൾ പുനർവിവാഹം കഴിച്ചിട്ടില്ലെന്നും അവിവാഹിത പെൻഷൻ ഗുണഭോക്താക്കൾ വിവാഹം കഴിച്ചിട്ടില്ലെന്നും തെളിയിക്കുന്ന ഗസറ്റഡ് ഓഫീസറുടെ സർട്ടിഫിക്കറ്റ് ആധാർ കാർഡിന്റെ കോപ്പിയോടൊപ്പം 28 ന് മുമ്പ് പഞ്ചായത്ത് സെക്രട്ടറിക്ക് സമർപ്പിക്കണം. സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരുടെ പെൻഷൻ തുടർന്ന് ലഭിക്കില്ല.
തപസ്യാ കലാ സാഹിത്യവേദി ജില്ലാ സമ്മേളനം
തൊടുപുഴ: തപസ്യാ കലാസാഹിത്യവേദി ജില്ലാ സമ്മേളനവും എം.എ കൃഷ്ണൻ നവതി പ്രമാണവും ഒമ്പതിന് രാവിലെ 10 ന് വെങ്ങല്ലൂർ എൻ.എസ്.എസ് ആഡിറ്റോറിയത്തിൽ നടക്കും. ജില്ലാ പ്രസിഡന്റ് പി.എൻ ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.ജി. ഹരിദാസ് ഉദ്ഘാടനം ചെയ്യും. മുഖ്യ പ്രഭാഷണവും നവതി പ്രണാമവും സംസ്ഥാന ജനറൽ സെക്രട്ടറി സി. രജിത് കുമാർ നിർവഹിക്കും. ജില്ലാ സെക്രട്ടറി എസ്.എൻ ഷാജി സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് പി.കെ രാധാകൃഷ്ണൻ നന്ദിയും പറയും.