കാഞ്ഞാർ: പൈനാവിലെ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണറുടെ വാഹനം മതിലിലിടിച്ച് റോഡിൽ മറിഞ്ഞ് ഒരാൾക്ക് പരിക്ക്. വാഹനത്തിന്റെ ഡ്രൈവർ പി.കെ. ശശിക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 11.30ന് കുടയത്തൂർ സംഗമം ജംഗ്ഷന് സമീപമായിരുന്നു അപകടം. തൊടുപുഴയ്ക്ക് വരികയായിരുന്ന വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. മുന്നിൽ പോയ മറ്റൊരു വാഹനം അവിചാരിതമായി പോക്കറ്റ് റോഡിലേക്ക് തിരിഞ്ഞപ്പോൾ അതിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് അപകടം നടന്നതെന്നാണ് ഡ്രൈവർ നൽകുന്ന വിവരം. അപകടം സമയം ഡ്രൈവർ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ ശശിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു.