തൊടുപുഴ : മുന്നൊരുക്കങ്ങളും കൂടിയാലോചനകളുമില്ലാതെ തിടുക്കത്തിൽ തട്ടികൂട്ടിയ 5000 കോടിയുടെ ഇടുക്കി പാക്കേജ് പാർലമെൻ്റെ തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള കപടനാടകമാണെന്ന് ഡി.സി.സി പ്രസിഡൻ്റ് ഇബ്രാഹിംകുട്ടി കല്ലാർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. പ്രഖ്യാപനം നടപ്പിലാക്കിയാൽ സ്വാഗതം ചെയ്യുമെന്നും അതേസമയം ഇത് നടപ്പിലാകുമെന്ന കാര്യത്തിൽ തീരെ പ്രതീക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു. ഓഖി ദുരന്തമുണ്ടായപ്പോൾ പ്രഖ്യാപിച്ച 2000 കോടിയുടെ പാക്കേജിൽ ഇതുവരെ നടപ്പിലാക്കാത്തതുപോലെ മലയോര ജനതയെ കബളിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. മാസങ്ങളോളമിരുന്ന് ബഡ്ജറ്റ് തയ്യാറാക്കിയപ്പോൾ വയനാടിനും കുട്ടനാടിനും പാക്കേജുകളുണ്ടാക്കിയ ധനമന്ത്രി പ്രളയദുരന്തത്തിൽ 57 പേർ മരിക്കുകയും നിരവധി നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്ത ഇടുക്കിയുടെ കാര്യം ഓർത്തില്ല. ഇടുക്കി പാക്കേജ് നടപ്പിലാക്കാൻ ആത്മാർത്ഥതയുണ്ടായിരുന്നെങ്കിൽ ജനപ്രതിനിധികളോടും പൊതുപ്രവർത്തകരോടും നിർദ്ദേശങ്ങൾ ക്ഷണിച്ച് ബഡ്ജറ്റിന് മുമ്പേ പദ്ധതി തയ്യാറാക്കാമായിരുന്നു. ബി.ജെ.പി സർക്കാർ ചെയ്ത കേന്ദ്ര ബഡ്ജറ്റുപോലെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക എടുത്ത് ബഡ്ജറ്റ് നിർദ്ദേശമാക്കുകയാണ് മന്ത്രി തോമസ് ഐസക്ക് ചെയ്തത്. പാക്കേജിൽ പ്രഖ്യാപിച്ച 36 ഇനങ്ങളിൽ കർഷകരുടെ കാർഷിക വായ്പകൾ എഴുതിത്തള്ളാൻ നിർദ്ദേശമില്ലാത്തത് പരിഹാസ്യമാണ്. ആത്മാർത്ഥതയുണ്ടെങ്കിൽ 5000 കോടിയിൽ നിന്ന് 1000 കോടി കർഷകരുടെ വായ്പകൾ എഴുതിത്തള്ളാൻ മാറ്റി വയ്ക്കണം. പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കാർഷിക വായ്പകൾക്ക് പ്രഖ്യാപിച്ച മോറട്ടോറിയം പോലും ഫലപ്രദമായി നടപ്പിലാക്കാൻ കഴിഞ്ഞില്ല. ബാങ്കുകളുടെ ജപ്തി നടപടി ഭയന്ന് ആറ് കർഷകർ ജില്ലയിൽ ആത്മഹത്യ ചെയ്തു. പ്രളയക്കെടുതികളിൽ ഭൂമി നഷ്ടപ്പെട്ടവർക്ക് പകരം ഭൂമി, തകർന്നുകിടക്കുന്ന റോഡുകളുടെ പുനരുദ്ധാരണം, വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടവർക്ക് അടിയന്തര സഹായം, കൃഷിനാശമുണ്ടായവർക്ക് നഷ്ടപരിഹാരം തുടങ്ങിയ കാര്യങ്ങകളാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വരുന്നതിന് മുമ്പ് ഈ ആനുകൂല്യങ്ങളൊക്കെ കൊടുക്കാനും ഇടുക്കി മെഡിക്കൽ കോളേജിൽ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിയ വിദ്യാർത്ഥികളെ തിരികെ കൊണ്ടുവന്ന് അദ്ധ്യയനം പുനരാരംഭിക്കാനും സർക്കാർ ആത്മാർത്ഥത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.