കുമളി: തേക്കടിയിൽ കുരങ്ങന്മാരുടെ ആക്രമണം വർദ്ധിച്ചതിനെ തുടർന്ന് ബോട്ട് ലാൻഡിംഗിൽ നിന്ന് അക്രമകാരികളായ വാനരന്മാരെ പിടികൂടി ഉൾവനത്തിൽ വിടുന്നു. തേക്കടി സന്ദർശിക്കാനെത്തുന്ന സഞ്ചാരികളെ ആക്രമിക്കുന്നത് പതിവായതിനാലാണ് വനം വകുപ്പ് കുരങ്ങുകളെ പിടികൂടി വനത്തിൽ വിടാൻ തീരുമാനിച്ചത്. ഇതിനകം 13 വാനരന്മാരെ പിടികൂടി കാട്ടിലയച്ചു. പ്രത്യേകം തയ്യാറാക്കിയ കൂടൊരുക്കിയാണ് പിടുകൂടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച വെെകിട്ട് ചെെനക്കാരിയായ വിനോദഞ്ചാരിയെ കുരങ്ങ് ആക്രമിച്ചിരുന്നു. മൂന്ന് മാസത്തിനിടയിൽ ഇരുപതോളം വിനോദ സഞ്ചാരികളാണ് കുരങ്ങിന്റെ ആക്രമണത്തിന് ഇരയായത്. കഴിഞ്ഞ മാസം യു.കെ ദമ്പതികളുടെ അഞ്ച് മാസം പ്രായമുള്ള കുട്ടിക്കും വാനരന്റെ ആക്രമണത്തിൽ അരയ്ക്ക് താഴെ പരിക്കേറ്റിരുന്നു. തേക്കടി കാണാനെത്തുന്ന സഞ്ചാരികൾ കൊണ്ട് വരുന്ന ഭക്ഷണ പദാർത്ഥങ്ങൾ കുരങ്ങുകൾക്ക് നൽകുന്നത് പതിവാണ്. ഇത് ശീലമുള്ള വാനരൻമാർ സഞ്ചാരികളുടെ കെെയിലെ പൊതികണ്ടാൽ തട്ടിപറിക്കുന്നത് പതിവായി. ഭക്ഷണം നൽകാതെ വരുന്ന സാഹചര്യത്തിലാണ് കുരങ്ങ് ആക്രമണത്തിന് മുതിരുന്നത്. മുമ്പൊക്കെ ബോട്ട് ലാൻഡിംഗിൽ വിലസുന്ന കുട്ടികുരങ്ങന്മാരുടെ വികൃതികൾ വിനോദ സഞ്ചാരികൾക്ക് കൗതുകമായിരുന്നു. എന്നാൽ ആക്രമണം പതിവായതോടെ വനം വകുപ്പിന് തലവേദനയായി മാറി.