മറയൂർ: ചിന്നാർ വന്യജീവി സങ്കേതത്തിൽ നിന്ന് ചന്ദനം മുറിച്ചു കടത്തിയ കേസിലെ പ്രധാന പ്രതികളിൽ ഒരാൾ കൂടി കീഴടങ്ങി. മറയൂർ ഈച്ചാംപെട്ടി ആദിവാസി കോളനി സ്വദേശി എം. മധീഷാണ് (20) ചിന്നാർ വന്യജീവി സങ്കേതം അസി. വൈൽഡ് ലൈഫ് വാർഡന് മുമ്പിൽ കീഴടങ്ങിയത്. കഴിഞ്ഞ ഒരു വർഷക്കാലമായി മധീഷ് തമിഴ്നാട്ടിൽ വിവിധ കോളനികളിൽ ഒളിവിലായിരുന്നു. ചിന്നാർ വന്യജീവി സങ്കേതത്തിലെ ചുരുളിപ്പെട്ടി, ഒട്ടച്ചിപ്പാലം എന്നീ ഭാഗങ്ങളിൽ നിന്ന് കഴിഞ്ഞ ഒരു വർഷത്തിനിടെ രണ്ട് ചന്ദനമരങ്ങൾ മധീഷും പാളപ്പെട്ടി ആദിവാസി കുടിയിലെ അരുൺ കുമാറും ഏതാനും സുഹൃത്തുക്കളും ചേർന്ന് മുറിച്ചു കടത്തിയിരുന്നു. എന്നാൽ ചുരുളിപ്പെട്ടി ഭാഗത്തു നിന്ന് മുറിച്ച ചന്ദനവും ആയുധവും അടുത്ത ദിവസം തന്നെ 200 മീറ്റർ അകലെ ഒരു പൊന്തക്കാട്ടിൽ ഒളിപ്പിച്ചു വച്ച അവസ്ഥയിൽ കണ്ടെടുത്തു. ഇതറിഞ്ഞ പ്രതികൾ ഒളിവിൽ പോയിരുന്നു. പിന്നീട് ഒരു മാസത്തിനുള്ളിലാണ് ഒട്ടച്ചിപ്പാലം ഭാഗത്തുള്ള മറ്റൊരു ചന്ദനമരം ഇവർ മുറിച്ചു കടത്തിയത്. ഉടൻ തന്നെ ഡോഗ് സ്‌ക്വാഡ് സഹിതം അന്വേഷണം നടത്തിയെങ്കിലും തൊണ്ടിയോ പ്രതിയോ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് രഹസ്യാന്വേഷണത്തിലൂടെ പ്രധാന പ്രതികൾ ആരെല്ലാമാണെന്ന് ഉദ്യോഗസ്ഥർ മനസിലാക്കുകയും അവരെ പിന്തുടരുകയും ചെയ്തു. കോടാന്തൂർ, ഈസൽത്തട്ട്, ജെല്ലിപ്പെട്ടി തുടങ്ങിയ തമിഴ്നാട്ടിലെ വിവിധ കുടികളിലായി മധീഷ് ഒളിവിൽ താമസിച്ചു വരികയായിരുന്നു. പ്രധാന പ്രതികളിൽ ഒരാളായിരുന്ന അരുൺ കുമാർ ഏതാനും മാസങ്ങൾക്ക് ശേഷം ചിന്നാർ അസി. വൈൽഡ് ലൈഫ് വാർഡൻ മുമ്പാകെ കീഴടങ്ങിയിരുന്നു. ഇയാൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മാതിനി ഭാഗത്ത് പാറയിടുക്കിൽ ഒളിപ്പിച്ചു വച്ച ഒമ്പത് കഷ്ണം ചന്ദനക്കാതൽ, ചന്ദനം മുറിക്കാൻ ഉപയോഗിച്ച കൈവാൾ എന്നിവ കണ്ടെടുത്തു. താനും പിടിക്കപ്പെടുമെന്നു ഉറപ്പായതോടെ കുറ്റസമ്മതം നടത്തി പ്രധാന പ്രതിയായ മധീഷ് വ്യാഴാഴ്ച രാവിലെ കീഴടങ്ങുകയായിരുന്നു. മറ്റു പ്രതികൾ ഒളിവിൽ കഴിഞ്ഞു വരികയാണ്. മധീഷും അരുൺ കുമാറും കാന്തല്ലൂർ ചന്ദനക്കാടുകളിൽ നിന്ന് ചന്ദനം മുറിച്ചു കടത്തിയതിന് നിലവിൽ കേസുണ്ട്. പ്രതിയെ തെളിവെടുപ്പിനു ശേഷം ദേവികുളം മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചിന്നാർ അസി. വൈൽഡ് ലൈഫ് വാർഡൻ, പി.എം. പ്രഭുവിന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി റേഞ്ച് ഓഫിസറായ മനോജ് ചന്ദ്രൻ സെക്ഷൻ ഫോറസ്റ്റ് ഉദ്യോഗസ്ഥരായ വിനോദ്, രാജു, മുത്തുകുമാർ, ആനന്ദൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സുജേഷ് കുമാർ, ഷൈജു എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.