തൊടുപുഴ: പ്രകൃതിക്ഷോഭത്തിൽ ഏറ്റവും കൂടുതൽ നാശം നേരിട്ട ഇടുക്കി ജില്ലയ്ക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 5000 കോടി രൂപയുടെ പുനർജനി പാക്കേജ് തട്ടിക്കൂട്ട് പാക്കേജായി മാറരുതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ പറഞ്ഞു. ജില്ലയിലെ കാർഷിക വിനോദ സഞ്ചാര മേഖലകളുടെ സമഗ്രമായ പുരോഗതിക്കും ഗ്രാമീണ മേഖലയുടെ വികസനത്തിനും അടിസ്ഥാനമിടുന്ന പാക്കേജ് സ്വാഗതാർഹമാണെങ്കിലും ദീർഘ വീക്ഷണത്തോടെയും സുതാര്യമായും സമയബന്ധിതമായും പദ്ധതി നടപ്പിലാക്കണം. ബഡ്ജറ്റിൽ പ്രഖ്യാപിക്കേണ്ടിയിരുന്ന പാക്കേജ് ധനമന്ത്രി ബഡ്ജറ്റിന്റെ മറുപടി പ്രസംഗത്തിൽ പ്രഖ്യാപിച്ചത് ഇടുക്കി ജില്ലയിലെ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ ഗൗരവമായി എടുക്കാത്തതു കൊണ്ടാണ്. പാക്കേജിനായി ഫണ്ട് കണ്ടെത്തുന്നതിനെ സംബന്ധിച്ച് ഇനിയും വ്യക്തത വരുത്തേണ്ടതുണ്ട്. പ്രഖ്യാപ്പിച്ചിരിക്കുന്ന പദ്ധതികൾ നടപ്പിലാക്കുന്നതിന് മുമ്പ് ബന്ധപ്പെട്ടവരുമായി സമഗ്രമായ ചർച്ചകൾ നടത്തിയതിന് ശേഷം ജില്ലയുടെ വികസനത്തിന് ഉതകുന്ന തരത്തിലായിരിക്കണം. ഏലം, കരുമുളക്, കാപ്പി, കൊക്കോ കർഷകരെ സഹായിക്കാൻ ദീർഘ വീക്ഷണത്തോടെയുള്ള വ്യക്തമായ പദ്ധതികൾ ആവിഷ്‌കരിക്കണം. മാത്രമല്ല വില സ്ഥിരത ഉറപ്പ് വരുത്തുന്ന നടപടികൾ ഉണ്ടായാലേ കർഷകർക്ക് പദ്ധതിയുടെ പൂർണ തോതിലുള്ള ഗുണം ലഭിക്കൂ. ചെറുകിട തേയില കർഷകരെ സഹായിക്കുന്നതിനായി കർഷകരിൽ നിന്ന് തേയില നേരിട്ട് സംഭരിക്കുകയും സംസ്‌കരിച്ച് ബ്രാൻഡഡ് ഉത്പന്നമാക്കി വിൽപ്പന നടത്താനുള്ള പദ്ധതിയാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.