മൂലമറ്റം: റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണ് തൊടുപുഴ- പുളിയൻമല സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെട്ടു. മൂന്നു വർഷക്കാലമായി ഇടിഞ്ഞു കിടന്ന റോഡിൽ പി.ഡബ്ല്യു.ഡി അധികൃതർ വാനം മാന്തിയപ്പോൾ സംരക്ഷണഭിത്തി ഇടിഞ്ഞു വീണ് റോഡ് തകരുകയായിരുന്നു. തൊടുപുഴ- പുളിയൻ മല സംസ്ഥാന പാതയിൽ കുരുതിക്കളത്തിന് സമീപം മൈലാടിയിലാണ് തീർത്തും വീതി കുറഞ്ഞ രണ്ട് വളവുകളുള്ളത്. ഈ അപകടവളവിലെ സംരക്ഷണഭിത്തി വർഷങ്ങളായി ഇടിഞ്ഞിരിക്കുന്നതാണ്. സംരക്ഷണഭിത്തി തകർന്ന് റോഡ് വിണ്ടുകീറി ഒരു വശം താഴ്ന്നു പോയ നിലയിലായിരുന്നു. ഇതു മൂലം ഇവിടെ ഒറ്റവരിയായാണ് വാഹനങ്ങൾ കടന്നു പോയിരുന്നത്. നിരവധി തവണ ഇവിടെ അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. റോഡരികിലായി പടുകൂറ്റൻ പാറയുള്ളതിനാൽ വളവിനപ്പുറം റോഡ് കാണാൻ പറ്റാത്ത അവസ്ഥയാണ്. ടൂറിസ്റ്റുകളുടെ കടന്നുവരവ് കൂടിയപ്പോൾ ഇടുക്കി റോഡിന് വീതി കൂട്ടി റബ്ബറൈസ്ഡ് ടാറിംഗ് നടത്തിയെങ്കിലും ഈ ഭാഗത്ത് മാത്രം റോഡിന് വീതി കൂട്ടിയിരുന്നില്ല. കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് ബസുകൾ, ടൂറിസ്റ്റ് വാഹനങ്ങളുമടക്കം നിരവധി വണ്ടികളാണ് ഈ വഴി കടന്നു പോകുന്നത്. ഇടുക്കിയുടെ ഭരണ സിരാകേന്ദ്രമായ പൈനാവിലെ ഓഫീസുകളിലേക്ക് ജീവനക്കാർ പോകുന്നത് ഈ വഴിയാണ്. ഒരു ദിവസം മുപ്പതോളം ലോറികളാണ് അറക്കുളത്തെ എഫ്.സി.ഐ ഗോഡൗണിൽ നിന്ന് അരിയുമായി ഇതു വഴി ഇടുക്കിയിലേയ്ക്ക് പോകുന്നത്. റോഡ് ഇടിഞ്ഞതോടെ ഭാരവാഹനങ്ങളുടെ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. രാത്രി കാലങ്ങളിൽ നിരവധി ചെറുവാഹനങ്ങളും ടൂറിസ്റ്റ് വാഹനങ്ങളും കടന്നു പോകുന്ന വഴിയാണിത്. റോഡിന്റെ നടുവിലെ വെള്ളവര ചേർന്നാണ് ഇടിഞ്ഞിരിക്കുന്നത്. രാത്രി കാലങ്ങളിൽ വളവ് തിരിഞ്ഞ് വരുന്ന വാഹനങ്ങൾക്ക് റോഡ് ഇടിഞ്ഞു പോയത് കാണാനാകില്ല. ഇതു മൂലം ഇവിടെ അപകടം ഉണ്ടാകാനും സാധ്യതയുണ്ട്. എത്രയും വേഗം പണി പൂർത്തിയാക്കുമെന്ന് ബന്ധപ്പെട്ട അധികൃതർ പറഞ്ഞു.