പീരുമേട്: വില്പനയ്ക്കെത്തിച്ച അഴുകിയ മീൻ നാട്ടുകാർ പിടികൂടി ആരോഗ്യ വകുപ്പ് സംഘത്തെ ഏൽപ്പിച്ചു. പെരുവന്താനം ജംഗ്ഷനിൽ വില്പനയ്ക്ക് എത്തിച്ച പഴകിയ മത്സ്യമാണ് നാട്ടുകാർ പിടികൂടിയത്. ഇന്നലെ രാവിലെ പത്തു മണിയോടെയാണ് സംഭവം. പാറത്തോട് സ്വദേശികൾ പിക്കപ്പ് വാനിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന മീനിൽ നിന്ന് അസഹനീയമായ ദുർഗന്ധം വമിച്ചതിനെ തുടർന്നു നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ദിവസങ്ങൾ പഴക്കമുള്ള മീൻ കണ്ടെത്തിയത്. 50 കിലോയോളം മീനാണ് ഉണ്ടായിരുന്നത്. തുടർന്ന് ആരോഗ്യ വകുപ്പിൽ വിവരം അറിയിക്കുകയായിരുന്നു. ഹെൽത്ത് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് സംഘം സ്ഥലത്തെത്തി മീൻ നശിപ്പിച്ചു. പ്രദേശത്ത് പഴകിയ മീൻ വിൽപ്പന നടത്തുന്നുണ്ടെന്ന് നേരത്തെ മുതൽ പരാതി ഉണ്ടായിരുന്നു. ദിവസങ്ങളായി ഇത്തരം മീൻ വിൽപ്പന ശ്രദ്ധയിൽപെട്ടിരുന്നതായി നാട്ടുകാർ പറയുന്നു. ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അലക്സ് പോൾ, സന്ധ്യ സനൽ, രാജു കൊട്ടുപ്പള്ളി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മീൻ നശിപ്പിച്ചത്.