മുലമറ്റം: ലോട്ടറി ടിക്കറ്റിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പി നൽകി 12000 രൂപ തട്ടിയെടുത്തു. മൂലമറ്റം അശോക കവലയിൽ ലോട്ടറി വ്യാപാരം നടത്തുന്ന വികലാംഗനായ ബിജു കുമാറിന്റെ കടയിൽ നിന്നുമാണ് 40 വയസിനു താഴെ പ്രായം തോന്നുന്ന രണ്ട് പേർ ചേർന്ന് തട്ടിപ്പ് നടത്തിയത്. ബുധനാഴ്ച കടയിലെത്തിയവർ ആലപ്പുഴയിൽ നിന്ന് 12 ടിക്കറ്റ് വാങ്ങിച്ചതാണെന്നും സമ്മാനമുണ്ടോയെന്ന് പരിശോധിക്കാൻ ലിസ്റ്റ് തരാമോയെന്നും കടയുടമയോട് ചോദിച്ചു. ബിജുകുമാർ ഇവരുടെ കൈവശം സമ്മാന വിവരം അടങ്ങിയ ലിസ്റ്റ് നൽകി. ഇത് പരിശോധിച്ച യുവാക്കൾ 1000 രൂപ വീതം സമ്മാനം ലഭിച്ചിട്ടുണ്ടെന്നറിയിച്ചു. ലിസ്റ്റും ലോട്ടറിയുമായി ഒത്തു നോക്കിയ ബിജുകുമാർ സമ്മാനം ഉണ്ടെന്ന് മനസിലാക്കി ഉടൻ തന്നെ 12,​000 രൂപ അവർക്ക് നൽകി. ബൈക്കിലെത്തിയ ഇവർ ഉടൻ തന്നെ അവിടെ നിന്ന് പോവുകയും ചെയ്തു. വ്യാഴാഴ്ച ഇവർ നൽകിയ ലോട്ടറി ടിക്കറ്റുമായി ലോട്ടറി ഓഫീസിലെത്തിയപ്പോഴാണ് കടയിൽ വന്നവർ നൽകിയത് കളർ ഫോട്ടോസ്റ്റാറ്റ് കോപ്പിയാണെന്ന് ബിജുകുമാറിന് മനസിലായത്. ഇത് സംബന്ധിച്ച് ബിജുകുമാർ കാഞ്ഞാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മൂലമറ്റത്ത് ഇതിനു മുമ്പും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്.