തൊടുപുഴ: ഇടുക്കി പാക്കേജിനെ സ്വാഗതം ചെയ്യുന്നതായും ഇടതുപക്ഷ സർക്കാരിന് ഇടുക്കി ജനതയുടെ നന്ദി അറിയിക്കുന്നതായും കിസാൻ സഭ സംസ്ഥാന സെക്രട്ടറി മാത്യു വർഗീസ് പറഞ്ഞു. കൃഷിക്കാരെ കടക്കെണിയിൽ നിന്ന് രക്ഷിക്കുന്നതിനുള്ള പദ്ധതികളും പാക്കേജിൽ ഉൾപ്പെടുത്തണം. ഇപ്പോൾ പ്രഖ്യാപ്പിച്ചിട്ടുള്ളത് ഒരു ഹെക്ടർ വരെയുള്ള കർഷകരുടെ കടത്തിന്റെ പലിശ എഴുതി തള്ളുമെന്ന് മാത്രമാണ്. ഇത് കൊണ്ട് കർഷകർക്ക് ഗുണം ലഭിക്കില്ല. കടങ്ങൾ എഴുതി തള്ളുകയും പലിശ രഹിത വായ്പകൾ നൽകുന്നതിനും പദ്ധതി തയ്യാറാക്കണം. സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്ന ചെറുകിട തേയില കർഷകർക്ക് വേണ്ടിയുള്ള രണ്ട് ഫാക്ടറികൾ പാക്കേജിൽ ഉൾപ്പെടുത്തണം. ഏലം, കരുമുളക്, കൊക്കോ തുടങ്ങിയ വിളകളുടെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉൽപാദിപ്പിക്കുന്നതിനും വിപണനം നടത്തുന്നതിനുമുള്ള പദ്ധതികൾ ഉണ്ടാകണം. പാലിന്റെ മൂല്യവർധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനും കന്നുകാലി വളർത്തലുമായി ബന്ധപ്പെട്ട് തുകലിന്റെയും എല്ലിന്റെയും ഫാക്ടറികൾ ആരംഭിക്കുന്നതിനുള്ള നടപടികൾ വേണം ജില്ലയിൽ തരിശായി കിടക്കുന്ന തണ്ണീർതടങ്ങളും പാടശേഖരങ്ങളും കൃഷിക്ക് ഉപയുക്തമാക്കുകയും ശുദ്ധജല മത്സ്യകൃഷി ആരംഭിക്കുകയും വേണം. പാക്കേജ് നടത്തിപ്പിന് വിദഗ്ദ്ധർക്കും ഉദ്യോഗസ്ഥർക്കും ഒപ്പം കർഷക പ്രതിനിധികളും ഉൾപ്പെടുന്ന സമതി രൂപീകരിക്കണം. ആരോഗ്യമേഖലയിലും റോഡ് വികസനത്തിനും ആവശ്യമായ നടപടികൾ സ്വീകരിക്കണം. പരിസ്ഥിതി സംരക്ഷണത്തിനായി കേരള- തമിഴ്നാട് അതിർത്തിയിൽ ഫലവൃക്ഷതൈകൾ നട്ട് വനവത്കരണ പദ്ധതികൾ പാക്കേജിൽ ഉൾപ്പെടുത്തണമെന്നും മാത്യു വർഗീസ് ആവശ്യപ്പെട്ടു.