jellikettu
വട്ടവടയിൽ നടന്ന ജെല്ലിക്കെട്ട്

മറയൂർ: ഇടുക്കി ജില്ലാ കളക്ടറുടെ നിരോധന ഉത്തരവിനെ തുടർന്ന് അനിശ്ചിതത്തിലായ വട്ടവടയിലെ ജല്ലിക്കെട്ട് വൻ പൊലീസ് സന്നാഹത്തിൽ തടസമില്ലാതെ നടന്നു.

മൂന്നാർ ഡി.വൈ.എസ്.പി സനീഷ് ബാബുവിന്റെ നേതൃത്വത്തിൽ മറയൂർ, മൂന്നാർ, ദേവികുളം എന്നീ പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള നൂറ്റമ്പതോളം വരുന്ന സേന വട്ടവടയിൽ അതിരാവിലെ എത്തിയിരുന്നു. തുടർന്ന് വട്ടവട പഞ്ചായത്ത് പ്രസിഡന്റ് പി. രാമരാജിന്റെ നേതൃത്വത്തിൽ ഡി.വൈ.എസ്.പിയുമായി ചർച്ച നടത്തി. വട്ടവടയിൽ നടക്കുന്ന ജല്ലിക്കെട്ട് മനുഷ്യർക്കും കാളകൾക്കും ഒട്ടും അപകടകരമല്ലെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിൽ നിശ്ചയിച്ച സമയത്ത് തന്നെ ജല്ലിക്കെട്ട് നടത്തി. കാളകൾക്കും പങ്കെടുക്കുന്നവർക്കും അപകടം ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താൻ രണ്ടു മണി മുതൽ വൈകിട്ട് അഞ്ചുമണിവരെ വരെ ഇടമണൽ മുതൽ കോവില്ലൂർ വരയുള്ള ഭാഗങ്ങളിൽ എസ്.ഐമാരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചത്. ഗ്രാമീണർ കാളകളെ കുളിപ്പിച്ച് പൊങ്കൽ വച്ച് നൽകിയും ചായങ്ങൾ പൂശിയും കൊമ്പുകളിൽ പൂക്കൾ കൊണ്ട് അലങ്കരിച്ചും കാളകളെ തയ്യാറാക്കി. അഞ്ചുനാടൻ ഗ്രാമങ്ങളുടെ ഭരണ ചുമതലയുള്ള മന്നാടിയാർ, മന്ത്രിയാർ, പെരിയധനം, മണിയക്കാരൻ, നാട്ടമ എന്നിവരുടെ കുടുംബങ്ങളിലെ കാളകളെ ക്രമമായി തെരുവിലേക്ക് ഇറക്കി കാളകളോടൊപ്പം യുവാക്കളും ഓടി. 450 വർഷത്തിലധികമായി വട്ടവട,​ കോവില്ലൂർ,​ കൊട്ടാക്കൊമ്പൂർ എന്നീ ഗ്രാമങ്ങളിൽ ഉത്സവത്തിന്റെ ഭാഗമായി നടന്നുവരുന്ന ആചാരമാണ് കഴിഞ്ഞ ദിവസം ഇടുക്കി ജില്ലാകളക്ടർ നിറുത്തിവയ്ക്കണമെന്ന് നിർദ്ദേശിച്ചത്.

ഇത് ജല്ലികെട്ടല്ല,​ 'മഞ്ചുവിരട്ട്"

തമിഴ്നാട്ടിലെ പോലുള്ള ജല്ലികെട്ടല്ല ഇതെന്നും, ഗ്രാമത്തിലെ തെരുവുകളിലൂടെ അലങ്കരിച്ച കാളകളെ ഓടിക്കുക എന്ന അർഥം വരുന്ന 'മഞ്ചുവിരട്ട്" ആണെന്നും ഇവിടത്തുകാർ പറയുന്നു. കാർഷിക മേഖലയിലെ അഭിവാജ്യഘടകമായ കന്നുകാലികളെ ആദരിക്കുകയാണ് 'മഞ്ചുവിരട്ട്" കൊണ്ട് ഉദ്ദേശിക്കുന്നത്. കന്നുകാലികളെ കുളിപ്പിച്ച് വർണ്ണങ്ങൾ തേച്ച് മാല അണിയിച്ച് പൊങ്കാല വച്ചാണ് ആഘോഷം ആരംഭിക്കുന്നത്. തമിഴ്‌നാട്ടിലും വർഷങ്ങൾക്ക് മുമ്പ് 'മഞ്ചുവിരട്ട്" എന്നാണ് ജല്ലിക്കെട്ട് അറിയപ്പെട്ടിരുന്നത്‌.

ഇനി കാളകൾക്ക് രണ്ട് മാസം വിശ്രമം

മഞ്ചുവിരട്ടിന് ശേഷം രണ്ടു മാസം കാളകൾക്ക് വിശ്രമമായിരിക്കും. ഒരു പണിയും ഈ സമയത്ത് ഇവയെ കൊണ്ട് ചെയ്യിക്കില്ല. വേനൽകാലത്ത് കുളമ്പുരോഗം പടരാതിരിക്കുന്നതിന് ഇത് ഉപകരിക്കും.

2006 വരെ മൃഗവേട്ട നടന്നിരുന്നു

2006 വരെ ശിവരാത്രിയോടനുബന്ധിച്ച് 'പാരിവേട്ട" എന്ന ചടങ്ങ് നടന്നിരുന്നു. ഗ്രാമത്തിലെ ആണായി പിറന്നവരെല്ലാം വനത്തിൽ പോയി മ്ളാവിനെ വേട്ടയാടി അതിന്റെ തലകൊണ്ടുവന്നാണ് പാരിവേട്ട ആഘോഷം നടത്തിയിരുന്നത്. നിയമം കർക്കശമായപ്പോൾ അത് നിറുത്തേണ്ടി വന്നു.

ദ്രാവിഡ സംസ്കാരത്തിന്റെ ശേഷിപ്പ്

495 വർഷങ്ങൾക്ക് മുമ്പ് മധുരയിൽ നിന്ന് തമ്പുരാൻ ചോലവഴി മറയൂർ മലനിരകളിൽ എത്തി ചേർന്നവരുടെ പിന്മുറക്കാരാണ് വട്ടവട നിവാസികൾ. ഇവിടെ എത്തിചേർന്നിട്ട് നൂറ്റാണ്ടുകൾ പിന്നിട്ടെങ്കിലും തമിഴ്‌നാടൻ ഗ്രാമങ്ങളുടെ തനിപകർപ്പാണ് വട്ടവട. ദ്രാവിഡ സംസ്‌കാരമാണ് ഇവർക്കുള്ളത്.