തൊടുപുഴ: നവകേരള മുദ്രാവാക്യം ശബരിലയിൽ മുക്കി ഇടതുപക്ഷ സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് പി.ജെ. ജോസഫ് എം.എൽ.എ. പറഞ്ഞു. കേരളകോൺഗ്രസ് വൈസ് ചെയർമാൻ ജോസ് കെ.മാണി നയിക്കുന്ന കേരളയാത്രയുടെ ജില്ലാതല സമാപനസമ്മേളനം തൊടുപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല പ്രശ്നത്തിൽ സുപ്രീംകോടതി വിധി വന്നപ്പോൾ പിറവംപള്ളിയുടെ കാര്യത്തിലെ സുപ്രീംകോടതി വിധിയോട് സ്വീകരിച്ച സമീപനമായിരുന്നു സർക്കാർ കൈക്കൊള്ളേണ്ടത്. വിധി നടപ്പിലാക്കാൻ സാവകാശം തേടിക്കൊണ്ട് നവകേരള സൃഷ്ടിക്ക് കൂടുതൽ പ്രാധാന്യം നൽകണമായിരുന്നു. മഹാപ്രളയത്തിന്റെ പേരിൽ കേന്ദ്രസർക്കാരിൽ നിന്ന് 3250 കോടിരൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ സ്വരൂപിച്ച മറ്റൊരു മൂവായിരവുമുൾപ്പെടെ ആറായിരം കോടിയോളം രൂപ കിട്ടിയിട്ടും നാളിതുവരെ ഒന്നും ചെയ്യാനാകാത്തതിന്റെ ജാളിത്യ മറയ്ക്കാനാണ് സംസ്ഥാന സർക്കാർ ശബരിമല പ്രശ്നത്തിൽ അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നത്. കേരളത്തിലെ പ്റളയക്കെടുതിയുടെ യഥാർത്ഥവ്യാപ്തി കേന്ദ്രത്തെ ധരിപ്പിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. അതുകൊണ്ടാണ് കേന്ദ്രത്തിൽ നിന്നുള്ള സഹായം കുറഞ്ഞുപോയത്. കേരളത്തിലെ നാശനഷ്ടങ്ങൾ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയതിലും കുറഞ്ഞ കണക്കാണ് സംസ്ഥാന സർക്കാർ സമർപ്പിച്ച മെമ്മോറാണ്ടത്തിലുള്ളത്. വീട് നഷ്ടപ്പെട്ടവർക്ക് പകരം വീട്, കൃഷിഭൂമിയും വളർത്തുമൃഗങ്ങളും നഷ്ടപ്പെട്ടവർക്ക് പകരം ജീവനോപാദികൾ, റോഡുകളുടെ നവീകരണം തുടങ്ങി സമസ്ത മേഖലകളിലും സർക്കാർ പരാജയമാണ്. തൊടുപുഴ നിയോജകമണ്ഡലത്തിൽ പാലിയേറ്റീവ് കെയർ പദ്ധതിയിലെ 1500 ഗുണഭോക്താക്കളിൽ 700 പേർ ദിവസം ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാത്തവരാണ്. ഇത്തരത്തിലുള്ള പട്ടിണപ്പാവങ്ങളുടെയും കർഷകരുടെയും പ്രശ്നങ്ങളിൽ ഒന്നും ചെയ്യാനാകാത്ത സർക്കാരിനെതിരായ ജനവിധിയാകും വരാൻ പോകുന്ന പാർലമെൻ്റ് തിരഞ്ഞെടുപ്പെന്നും പി.ജെ. ജോസഫ് പറഞ്ഞു. കേന്ദ്രത്തിലെ നരേന്ദ്രമോദി സർക്കാരും കേരളത്തിലെ ഇടതുപക്ഷ മുന്നണിയും സ്വപ്നംനൽകി ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ജാഥാ ക്യാപ്ടൻ കൂടിയായ ജോസ് കെ.മാണി മറുപടി പ്രസംഗത്തിൽ പറഞ്ഞു. ഇന്ത്യക്കാർ വിദേശരാജ്യങ്ങളിൽ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം തിരികെ കൊണ്ടുവന്ന് ഓരോരുത്തരുടേയും അക്കൗണ്ടിൽ 15 ലക്ഷം വീതം നൽകുമെന്ന സ്വപ്നമാണ് കേന്ദ്രം നൽകിയതെങ്കിൽ ഞങ്ങൾ വന്നാൽ എല്ലാം ശരിയാകുമെന്നതായിരുന്നു ഇടതുമുന്നണിയുടെ സ്വപ്നവാഗ്ദാനം. രണ്ടും പൊള്ളയായിരുന്നുവെന്ന് ജനം തിരിച്ചറിഞ്ഞു. സംസ്ഥാന സർക്കാരിന്റെ പുതിയ വാഗ്ദാനം ഞങ്ങൾ ഒപ്പമുണ്ട് എന്നാണ്. അതും മറ്റൊരു സ്വപ്നമാകുമെന്നും അദ്ദേഹം പറഞ്ഞു. കേരളകോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻ്റ് അഡ്വ. ജോസി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ, കേരള കോൺഗ്രസ് ജില്ല പ്രസിഡൻ്റ് പ്രൊഫ. എൻ.ജെ. ജേക്കബ് എന്നിവർ പ്രസംഗിച്ചു. അഡ്വ. ജോയി എബ്രാഹം, റോഷി അഗസ്റ്റിൻ എം.എൽ.എ, റോയി കെ. പൗലോസ്, അഡ്വ. അലക്സ് കോഴിമല, സി.പി. മാത്യു, രാരിച്ചൻ നീറണാക്കുന്നേൽ, കെ.ഐ. ആന്റണി, തോമസ് പെരുമന, സജി മഞ്ഞക്കടമ്പിൽ എന്നിവർ പങ്കെടുത്തു.