ഇടുക്കി: ശബരിമല വിഷയത്തിൽ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ച തന്റെ നിലപാടിൽ ഉറച്ചുനിൽക്കുന്നെങ്കിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് തന്റെ സ്ഥാനം രാജി വെയ്ക്കണമെന്ന് ജോസ് കെ. മാണി എം.പി ആവശ്യപ്പെട്ടു. പ്രസിഡന്റിനെ നോക്കുകുത്തിയാക്കി കമ്മിഷണറെ ഉപയോഗിച്ച് വിശ്വാസികളെ വെല്ലവിളിക്കുകയാണ് സുപ്രിംകോടതിയിൽ സംസ്ഥാന സർക്കാർ ചെയ്തിരിക്കുന്നതെന്നും ജോസ് കെ. മാണി പറഞ്ഞു. ഇടുക്കി ജില്ലയിലെ വിവിധ സ്വീകരണ സമ്മേളനങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റോഷി അഗസ്റ്റിന് ജോസ് കെ.മാണിയുടെ അഭിനന്ദനം

ഇടുക്കി: കേരളയാത്രയുടെ ചെറതോണിയിലെ സ്വീകരണവേദിയിൽ റോഷി അഗസ്റ്റിൻ എം.എൽ.എയെ ജോസ് കെ.മാണി പ്രത്യേകം അഭിനന്ദിച്ചു. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട ഇടുക്കിയിലെ ജനങ്ങളെ കാത്തു സംരക്ഷിക്കുന്നതിനായി സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ധീരമായ പ്രവർത്തനം നടത്തിയ എം.എൽ.എയെ ഈ നാടിന് കിട്ടിയ സൗഭാഗ്യം എന്നാണ് യാത്രയുടെ നായകൻ അഭിനന്ദിച്ചത്. കേരളയാത്രയുടെ സ്വീകരണ കേന്ദ്രങ്ങളെ എം.എൽ.എയുടെ നേതൃത്വത്തിൽ പ്രൗഢോജ്ജ്വലമാക്കിയ കേരളകോൺഗ്രസ് പ്രവർത്തകർക്കും പ്രത്യേക അഭിനന്ദനം നേരാൻ ജോസ് കെ. മാണി മറന്നില്ല.