രാജാക്കാട്: തോട്ടം മേഖലയായ ഖജനാപ്പാറ ബൈസൺവാലി പ്രദേശങ്ങളിലെ വഴിയോരങ്ങളിൽ രാസ കീടനാശിനികളുടെയും വളങ്ങളുടെയും അവശിഷ്ടങ്ങൾ തള്ളുന്നത് പതിവാകുന്നു. കീടനാശിനികളുടെ ഒഴിഞ്ഞ പായ്ക്കറ്റുകളും കാലി ടിന്നുകളും ചാക്കുകളുമൊക്കെയാണ് പാതയോരത്ത് പലയിടങ്ങളിലായി നിക്ഷേപിച്ചിരിക്കുന്നത്. വെള്ളിവിളുതാൻ ഭാഗത്താണ് ഏറ്റവുമധികം മാലിന്യ നിക്ഷേപമുള്ളത്. നിരോധിത കീടനാശിനികളുടെ പാത്രങ്ങളും കവറുകളും ഇക്കൂട്ടത്തിലുണ്ട്. ഇവയിൽ നിന്ന് വമിക്കുന്ന കടുത്ത മണം മൂലം യാത്രക്കാർ വളരെയേറെ ബുദ്ധിമുട്ടിയാണ് ഇതുവഴി കടന്നുപോകുന്നത്. തുറന്നുകിടക്കുന്ന കവറുകളിലെ പൊടി കാറ്റിൽ പ്രദേശത്താകെ വ്യാപിക്കുന്നതു മൂലം തുറന്ന വാഹനങ്ങളിൽ സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്. വിനോദ സഞ്ചാരികളും സ്‌കൂൾ കോളേജ് വിദ്യാർത്ഥികളുമടക്കം ദിവസവും നൂറുകണക്കിന് പേർ സഞ്ചരിക്കുന്ന പാതയാണിത്.