santhigram
ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിൽ രണ്ടു കോടി രൂപയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി എം.എം.മണി നിർവഹിക്കുന്നു.

ഇടുക്കി: പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്ന സർക്കാരിന്റെ വിവിധ പദ്ധതികളിലൂടെ വലിയ പുരോഗതിയാണ് ഈ രംഗത്ത് കൈവന്നിരിക്കുന്നതെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്‌കൂളിൽ രണ്ടു കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും സ്‌കൂളിനെ മികവിന്റെ കേന്ദ്രമായി ഉയർത്തി മൂന്ന് കോടിയുടെ പദ്ധതി പ്രഖ്യാപനവും നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.എം മണിയുടെ എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച 40 ലക്ഷം രൂപയും നബാർഡ് ഫണ്ട് 1.60 കോടി രൂപയും ചേർത്ത് രണ്ട് കോടി രൂപയുടെ പുതിയ കെട്ടിടം നിലവിലുള്ള ഹൈസ്‌കൂൾ മന്ദിരത്തോട് ചേർന്നാണ് നിർമ്മിക്കുന്നത്. ഇതോടൊപ്പം കരുതലോടെ പദ്ധതിയുടെ ഉദ്ഘാടനവും സ്‌കൂളിന്റെ എട്ടാമത് വാർഷികാഘോഷ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായിട്ടാണ് സർക്കാരിന്റെ കരുതലോടെ പദ്ധതിയിൽ ഈ സ്‌കൂളിനെ ഉൾപ്പെടുത്തിയത്.

ദേശീയ കബഡി ടീമിലേക്ക് സെലക്ഷൻ ലഭിച്ച അലീന ജിജിയെയും
സംസ്ഥാനതല കലാ, ശാസ്ത്രമേളകളിൽ വിജയികളായ ഈ സ്‌കൂളിലെ പ്രതിഭകളെയും മന്ത്രി അനുമോദിച്ചു. പി.ടി.എ പ്രസിഡന്റ് പി.ബി.ഷാജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാതല കലാ, ശാസ്ത്രമേളയിലെ വിജയികൾക്കുള്ള സമ്മാനദാനം, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാലിജോളി നിർവ്വഹിച്ചു. ഉപജില്ലാതല മത്സര വിജയികൾക്കുള്ള സമ്മാനദാനം ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റും പഠന മികവിനുള്ള സമ്മാനവിതരണം ജില്ലാ പഞ്ചായത്തംഗങ്ങളായ നിർമ്മല നന്ദകുമാർ നോബിൾ ജോസഫ് എന്നിവരും നിർവഹിച്ചു. കട്ടപ്പന ഡി.ഇ.ഒ അബ്ദുൾ ഹമീദ് കെ.സി മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് ഇൻചാർജ് മേരിക്കുട്ടി ജോസഫ്, കട്ടപ്പന ബി.ഡി.ഒ ധനേഷ് ബി, സീനിയർ അസിസ്റ്റന്റ് ഉഷ കെ.എസ്, സ്‌കൂൾ ലീഡർ മേഘ എസ്.സാബു, പ്രോഗ്രാം കമ്മറ്റി ജനറൽ കൺവീനർ അമ്പിളി പി.ബി എന്നിവർ സംസാരിച്ചു.