രാജാക്കാട്: ജില്ലയിലെ ആദിവാസി പുനരധിവാസ പദ്ധതി പ്രകാരമുള്ള ഭൂമി വിതരണം പാതി വഴിയിൽ നിലച്ചിട്ട് വർഷങ്ങളാകുന്നു. വിവിധയിടങ്ങളിൽ നിന്നായി കുടിയൊഴിപ്പിക്കപ്പെട്ട നൂറ് കണക്കിന് കുടുംബങ്ങൾ കിടപ്പാടമില്ലാതെ വലയുന്നു. 2003ൽ എ.കെ. ആന്റണി സർക്കാരിന്റെ കാലത്താണ് ആദിവാസികളെ പുനരധിസിപ്പിക്കുന്നതിനായി വിപുലമായ പദ്ധതി തയ്യാറാക്കിയത്. 2004ൽ വനംവകുപ്പ് ചിന്നക്കനാലിൽ ഏകവിളത്തോട്ടമായി ഉപയോഗിച്ചിരുന്ന 1490 ഏക്കർ ഭൂമി പുനരധിവാസത്തിനായി ഏറ്റെടുത്തു. തുടർന്ന് 301കോളനി ഉൾപ്പെടെ പകുതിയിലധികം വരുന്ന സ്ഥലത്ത് ആദിവാസികളെ കുടിയിരുത്തി. എന്നാൽ ബാക്കിയുള്ളവർക്ക് ഭൂമി വിതരണം ചെയ്യുന്നതിന് അധികൃതർ ഇതുവരെ തയ്യറായിട്ടില്ല. 1973-74, 1999 കാലഘട്ടങ്ങളിൽ മാങ്കുളത്ത് നിന്ന് കുടിയിറക്കിയ ആദിവാസികൾക്ക് പോലും ഭൂമി നൽകിയിട്ടില്ല. ഏറ്റെടുത്തതിൽ വിതരണം ചെയ്തതതിന്റെ ബാക്കി ഭൂമിയിൽ നടന്നിട്ടുള്ള കൈയേറ്റങ്ങളും ഇതുമായി ബന്ധപ്പെട്ട കേസുകളും നിലനിൽക്കുന്നതാണ് ഭൂമി വിതരണത്തിന് തടസമായി നിൽക്കുന്നതെന്നാണ് അധികൃതരുടെ വാദം. ജില്ലാ ഭൂരഹിത കർഷകതൊഴിലാളി ചാരിറ്റബിൾ സൊസൈറ്റി നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ 2008ൽ ചിന്നക്കനാൽ വില്ലേജ് ഓഫീസർ നൽകിയ റിപ്പോർട്ടിൽ ചിന്നക്കനാൽ വില്ലേജിൽ സർവേ 197ൽ പെട്ട 776.56 ഏക്കർ സ്ഥലം തരിശായി കിടക്കുന്നുണ്ടെന്നും ഇത് ആദിവാസികൾക്ക് വിതരണം ചെയ്തതിന്റെ ബാക്കിയാണെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ റിപ്പോർട്ട് തെറ്റാണെന്ന് ദേവികുളം സബ്‌കളക്ടർ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. പ്രദേശത്ത് കാട്ടാന ആക്രമണം ഉള്ളതാണെന്നും കൈയേറ്റങ്ങളുമായി ബന്ധപ്പെട്ട് കേസ് നടക്കുന്നതിനാൽ വിതരണത്തിന് അനുയോജ്യമായ ഭൂമിയില്ലെന്നുമാണ് റിപ്പോർട്ടിലുള്ളത്. ഇതോടെ ആദിവാസി പുനരധിവാസം അടഞ്ഞ അദ്ധ്യായമായി മാറി.
ഫലം കാണാതെ സമരങ്ങൾ
സ്വകാര്യ വ്യക്തികൾ കൈയേറി വർഷങ്ങളായി കൈവശം വച്ചിരിക്കുന്ന ഏക്കർ കണക്കിനു ഭൂമി തിരിച്ച് പിടിച്ച് ആദിവാസികൾക്ക് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് കുടിൽ കെട്ടി സമരം ഉൾപ്പെടെ പല പ്രതിഷേധങ്ങളും ആദിവാസികൾ നടത്തിയെങ്കിലും ഫലം കണ്ടിട്ടില്ല. സ്ഥലമില്ലെന്ന ഉദ്യോഗസ്ഥരുടെ വാദം കൈയേറ്റക്കാരെ സഹായിക്കാനാണെന്നും ശക്തമായ സമരപരമ്പരയ്ക്ക് ഒരുങ്ങുകയാണെന്നും ജില്ലാ പട്ടിക വർഗ ഏകോപന സമിതി അറിയിച്ചു.