രാജാക്കാട്: വേനൽ കടുത്തതോടെ ഹൈറേഞ്ചിൽ പലയിടത്തും കാട്ടുതീ പടരുന്നു. കഴിഞ്ഞ ദിവസം മുട്ടുകാട് മുനിപ്പാറയ്ക്ക് മുകൾഭാഗത്തുള്ള അംബേദ്കർ കോളനിക്ക് സമീപം വൻ തീപിടുത്തമുണ്ടായി. വഴിയാത്രികർ സമയോചിതമായി ഇടപെട്ടത് മൂലം വൻ ദുരന്തം ഒഴിവായെങ്കിലും ഏക്കർ കണക്കിനു സ്ഥലത്തെ കൃഷി കത്തി നശിച്ചു. കനത്ത വെയിലേറ്റ് കരിഞ്ഞ് നിൽക്കുന്ന പുൽമേടിനും കുറ്റിക്കാടുകൾക്കും സാമൂഹിക വിരുദ്ധർ തീയിട്ടതാണ് അപകടത്തിന് കാരണം. മലയടിവാരത്ത് നിന്ന് പടർന്നു കയറിയ തീയിൽ ഏക്കറുകണക്കിന് വരുന്ന പ്രദേശം കത്തിയമർന്നു. പ്രദേശവാസികൾ തോട്ടങ്ങളിൽ ജോലിയ്ക്ക് പോയതിനാൽ സമീപത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ തീ തുടക്കത്തിൽ നിയന്ത്രിക്കാനായില്ല. ചിന്നക്കനാലിലേയ്ക്ക് പോയ ഒരു സംഘം മാദ്ധ്യമ പ്രവർത്തകർ അഗ്നി ആളിപ്പടരുന്നത് കാണുകയും സമീപത്തുണ്ടായിരുന്ന കുടിവെള്ള ഹോസ് പൊട്ടിച്ച് വെള്ളമൊഴിച്ചും മണ്ണുവാരിയിട്ടും അണയ്ക്കുകയുമായിരുന്നു. ഉൾപ്രദേശങ്ങളിലെ മലനിരകളിൽ തീ പടർന്നുപിടിയ്ക്കുന്നത് വൻ കൃഷിനാശത്തിനും കാരണമാകുന്നു.