പീരുമേട്: കടുത്ത ചൂടിന് തെല്ലാശ്വാസമായി ഹൈറേഞ്ചിൽ ചിലയിടങ്ങളിൽ വേനൽ മഴ എത്തി. വെള്ളിയാഴ്ചയാണ് ഉച്ചകഴിഞ്ഞ് വേനൽമഴ ലഭിച്ചത്. രൂക്ഷമായ ജലക്ഷാമവും കാർഷിക മേഖലയിലെ വരൾച്ചയും നേരിടുന്ന സാഹചര്യത്തിലാണ് പ്രതീഷിക്കാതെ മഴ എത്തിയത്. പെരുവന്താനം, കുട്ടിക്കാനം, ഏലപ്പാറ, വണ്ടിപ്പെരിയാർ തുടങ്ങി അടുത്ത പ്രദേശങ്ങളിലെല്ലാം ഇരുപത് മിനിറ്റോളം മഴ നീണ്ടു നിന്നു.വന മേഖലകളിൽ തുടർന്നിരുന്ന കാട്ടുതീയും ഇതോടെ ശമിച്ചു. ഹെക്ടർ കണക്കിന് വന ഭൂമിയും കൃഷിഭൂമിയും കഴിഞ്ഞ ദിവസങ്ങളിൽ കത്തി നശിച്ചിരുന്നു. ഏലം, കുരുമുളക് കർഷകർക്ക് ഇപ്പോൾ ലഭിച്ച മഴ ആശ്വാസമാണ്. മാസങ്ങൾക്ക് ശേഷമാണ് ഈ പ്രദേശങ്ങളിൽ ഭൂമി നനയുന്ന രീതിയിലുള്ള മഴ ലഭിക്കുന്നത്. വനത്തിൽ കാട്ടുതീ തുടർന്നിരുന്നതിനാലും ഈ വർഷം വേനൽ കടുത്തതിനാലും വന്യ ജീവികളുടെ ശല്യം പ്രദേശങ്ങളിൽ കുടുതലായിരുന്നു. കാട്ടാന, കുരങ്ങ് മുതൽ പുലി തുടങ്ങിയവ ജനവാസ മേഖലകളിൽ എത്തിയിരുന്നു. കുരങ്ങും കാട്ടു പന്നിയും കാർഷിക വിളകൾക്കും ഭീഷണിയായിരുന്നു. വരും ദിവസങ്ങളിലും മഴ തുടരുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.