ചെറുതോണി: പ്രളയത്തിൽ തകർന്ന ചെറുതോണി പുഴയുടെ തീരങ്ങളിലെ കയ്യാല നിർമ്മാണം അശാസ്ത്രീയമെന്ന് ആക്ഷേപം. ലക്ഷക്കണക്കിന് രൂപ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി കയ്യാല നിർമ്മാണത്തിനായി പാഴാക്കുന്നതെന്നാണ് ആരോപണം. ഡാം തുറന്ന് വിട്ടതിനെ തുടർന്ന് കോൺക്രീറ്റ് കെട്ടുകൾ വരെ തകർന്നിരുന്നു. ഇതിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ തയ്യാറാകാതെയാണ് ദീർഘകാല പദ്ധതിക്കായി പണം ചെലവിടുന്നത്. ടോയ്‌ലറ്റും താത്കാലിക പാർക്കിംഗ് ഏരിയയും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന് ഭരണകൂടം തടസം നിൽക്കുമ്പോഴാണ് തൊഴിലുറപ്പ് പദ്ധതി ദുർവിനിയോഗം ചെയ്യുന്നത്. ഡാം തുറന്നപ്പോൾ ചെറുതോണിയാറിന്റെ ഇരുകരകളും ഒലിച്ചുപോവുകയും മുപ്പതിലധികം വ്യാപാരശാലകളും ബസ് സ്റ്റാന്റും പാർക്കിംഗ് ഏരിയയും നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇപ്പോൾ ചെറുതോണി ആലിൻചുവട് റോഡിന്റെ ഒരു സൈഡ് കോൺക്രീറ്റ് ചെയ്യുന്നുണ്ട്. ഇത്തരത്തിൽ ബലവത്തായ നിർമ്മാണം നടത്തേണ്ടിടത്താണ് സിമന്റ് പോലും ഉപയോഗിക്കാതെ നിർമ്മാണം നടത്തി പണം പാഴാക്കുന്നത്. വീണ്ടും ഡാം തുറന്ന് വിട്ടാൽ ഇപ്പോൾ കെട്ടി ഉയർത്തുന്ന കയ്യാല വെള്ളത്തിൽ ഒഴുകി പോകുമെന്നുറപ്പാണ്. വാഴത്തോപ്പ് പഞ്ചായത്തിലെ 11-ാം വാർഡിലാണ് നിർമാണം നടത്തുന്നത്. എന്നാൽ ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ച ആറിന്റെ മറുവശം കെട്ടാൻ അധികാരികൾ തയ്യാറാകുന്നുമില്ല. കോൺക്രീറ്റ് ഉപയോഗിച്ച് ശാസ്ത്രീയമായ നിർമ്മാണമാണ് നടത്തേണ്ടതെന്ന് വ്യാപാരികൾ പറയുന്നു.