തൊടുപുഴ: എളിമയുടെ ആൾരൂപമായി മിസോറാം ഗവർണർ ഡോ. കുമ്മനം രാജശേഖരൻ എത്തിയപ്പോൾ മണക്കാട് ഗ്രാമത്തിന് ഉത്സവപ്രതീതി. വർഷങ്ങൾക്ക് മുമ്പ് സംഘടന പ്രവർത്തകനായും സാമൂഹ്യപ്രവർത്തകനായും മണക്കാട് പ്രദേശത്തെ ഓരോ മണൽത്തരികളിലും ചവിട്ടി നടന്നിട്ടുള്ള നാട്ടുകാരുടെ സ്വന്തം രാജേട്ടൻ മിസോറാം സംസ്ഥാനത്തിന്റെ ഗവർണർ എന്ന നിലയിൽ കേരളത്തിന്റെ അതിഥിയായി എത്തിയപ്പോഴും യാതൊരു ഭാവഭേദവുമുണ്ടായിരുന്നില്ല. മണക്കാട് എൻ.എസ്.എസ് കരയോഗത്തിന്റെ നവതി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനായിരുന്നു ഗവർണറുടെ സന്ദർശനം. വൈകിട്ട് ആറിന് നടക്കുന്ന പരിപാടിയിൽ അദ്ദേഹം 5.30ന് തന്നെ എത്തി. വേദിയിൽ ക്രമീകരിച്ചിരുന്ന രാജകീയ ഇരിപ്പിടം സംഘടകരെക്കൊണ്ട് എടുത്തുമാറ്റിച്ച ശേഷം മറ്റ് അതിഥികൾക്കൊപ്പം സാധാരണ കസാരയിലാണ് അദ്ദേഹം ഇരുന്നത്. പരിപാടികൾക്ക് ശേഷം സ്വന്തം സഹോദരിയും മണക്കാട് എൻ.എസ്.എസ് കരയോഗം ഖജാൻജിയുമായ പി. കോമളകുമാരിയുടെ വീട്ടിലെ അത്താഴ വിരുന്നിലും പങ്കെടുത്താണ് അദ്ദേഹം മടങ്ങിയത്. 90 വർഷം മുമ്പ് മണക്കാട് പ്രദേശത്ത് മന്നത്ത് പത്മനാഭൻ നേരിട്ടുവന്ന് ഭവനസന്ദർശനം നടത്തി സ്ഥാപിച്ച കരയോഗമാണ് ഇന്ന് നവതിയുടെ നിറവിലെത്തിയിരിക്കുന്നത്. 81 അരിയുടെ സദ്യയൊരുക്കി 1959ൽ അദ്ദേഹത്തിന്റെ 81-ാം പിറന്നാൾ ആഘോഷം നടത്തിയതും ഇതേ മണ്ണിലായിരുന്നുവെന്നും കുമ്മനം രാജശേഖരൻ അനുസ്മരിച്ചു. കൊട്ടിഘോഷിച്ചുള്ള ആഘോഷങ്ങൾക്ക് പകരം പാവപ്പെട്ടവരെ സഹായിക്കാനുള്ള ചികിത്സാസഹായ പദ്ധതി ആവിഷ്‌കരിച്ച കരയോഗം പ്രവർത്തകർ സമൂഹത്തിന് മാതൃകയാണെന്നും പ്രളയത്തിൽ മുങ്ങി നശിച്ച കേരളത്തിന് ഇത്തരം പ്രവ‌ർത്തനങ്ങളാണ് ഇനി ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. മണക്കാട് എൻ.എസ്.എസ് ഹയർസെക്കൻഡറി സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ കരയോഗം പ്രസിഡൻ്റ് കെ.പി. ജനാർദ്ദനൻ നായർ അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ യൂണിയൻ പ്രസിഡൻ്റ് കെ.കെ. കൃഷ്ണപിള്ള മുഖ്യപ്രഭാഷണം നടത്തി. എൻ.എസ്.എസ് പ്രതിനിധി സഭാംഗം പി.എസ്. മോഹൻ ദാസ്, വനിതയൂണിയൻ പ്രസിഡൻ്റ് സിന്ധു രാജീവ്, സ്കൂൾ പ്രിൻസിപ്പൽ എൻ.എസ്. ജയശ്രീ, എൻ.എസ്.എസ് തൊടുപുഴ യൂണിയൻ സെക്രട്ടറി എസ്.എൻ. ശ്രീകാന്ത് എന്നിവർ പ്രസംഗിച്ചു.