പീരുമേട്: കോളനി വാഴ്ചക്കാലത്ത് ബ്രിട്ടീഷ്‌കാർ സ്ഥാപിച്ച പീരുമേട് പള്ളിക്കുന്ന് സെന്റ്.ജോർജ്ജ് സി.എസ്.ഐ ദേവാലയത്തിൻ്റെ ശതോത്തര സുവർണജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും .
1869 ൽ ഹെൻട്രി ബേക്കർ (ജൂനിയർ) ആണ് 16 ഏക്കറിലധികം സ്ഥലത്ത് യൂറോപ്യൻ വാസ്തുശൈലിയിൽ ദേവാലയം നിർമ്മിച്ചത്. ചരിത്രമൂല്യവും പൗരാണിക പ്രാധാന്യവുമുള്ള ദേവാലയം ഇംഗ്ലണ്ടിന്റെ കാവൽപിതാവായ സെന്റ്. ജോർജിന്റെ നാമേധയത്തിലാണ് നിലകൊള്ളുന്നത്. 150 വർഷം പിന്നിടുമ്പോഴും ദേവാലയത്തിന് യാതൊരു രൂപമാറ്റവും വരുത്തിയിട്ടില്ല. ഒന്നര നൂറ്റാണ്ട് മുമ്പ് ഉണ്ടായിരുന്ന ഇരിപ്പിടങ്ങളും ഉപകരണങ്ങളുമാണ് ഇന്നും ഉപയോഗിക്കുന്നത്. ദേവാലയത്തിന്റെ ഭിത്തിക്കുള്ളിൽ പഴമയുടെ ശൈലിയിൽ പിത്തളയിൽ തീർത്ത ടാബിലറ്റുകൾ കാണാം. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മരണാന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിയാതെ വന്ന യൂറോപ്യന്മാർ അവരോടുള്ള ആദരസൂചരണമായി സ്ഥാപിച്ച സ്മാരകങ്ങളാണിത്.
ബ്രട്ടീഷ് സെമിത്തേരി
ഇംഗ്ലണ്ട്, അയർലന്റ് സ്‌കോട്ട് ലാൻഡ് എന്നിവിടങ്ങളിൽനിന്നും 34 വിദേശികളുടെ മൃതദേഹം സംസ്‌കരിച്ച സെമിത്തേരി ദേവാലയത്തോട് ചേർന്ന് രണ്ട് ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. മൂന്നാറിലെ കണ്ണൻതേവൻ തേയില തോട്ടം ഉൾപ്പടെ ആരംഭിച്ച ജോൺ ഡാനിയേൽ മൺറോയെ സംസ്‌കരിച്ചത് ഇവിടാണ്. ബ്രട്ടീഷ് ഹൈകമ്മിഷണറുടെ അധീനയിലുള്ള ഈ സ്ഥലത്ത് മറ്റു സഭാ അംഗങ്ങളെ സംസ്‌കരിക്കാൻ അനുവാദമില്ല. ദേവാലയത്തിൽ സേവനം ചെയ്ത ആദ്യ ഇന്ത്യൻ വൈദീകൻ റവ.നല്ലതമ്പിയുടെ മൃതദേഹം മാത്രമാണ് വിദേശികൾക്ക് പുറമേ ഇവിടെ സംസ്‌കരിച്ചിട്ടുള്ളത്.
കുതിരയ്ക്ക് സെമിത്തേരിയിൽ ഇടം
ബ്രട്ടീഷ് സെമിത്തേരിയിൽ സായിപ്പിൻ്റെ ഡൗണി എന്ന പെൺകുതിരയുടെ ശവകുടീരവുമുണ്ട്. ജെ.ഡി മൺറോയുടെ സന്തത ഹസഹജാരിയായിരുന്ന കുതിരയെ അദ്ദേഹത്തെ സംസ്‌കരിച്ചിരിക്കുന്നതിന്റെ എതിർവശത്തായി അടക്കം ചെയ്യുകയായിരുന്നു. തങ്ങളുടെ പൂർവീകർ ആരാധന നടത്തിയിരുന്ന ദേവാലയവും അന്ത്യവിശ്രമം ചെയ്യുന്ന സെമിത്തേരിയും സന്ദർശിക്കുവാൻ ഇന്നും ആദരവോടെ വിദേശത്തുനിന്നും കുടുംബാങ്ങൾ എത്താറുണ്ട്. ദേവാലയത്തിന്റെ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഇന്ന് രാവിലെ 9.30 ന് സി.എസ്.ഐ മുൻ മോഡറേറ്റർ ഡോ.കെ.ജെ. സാമുവേൽ പതാക ഉയർത്തും. തുടർന്ന് ജൂബിലി ആരാധന. ബേക്കർ കുടുംബത്തിന്റെ പ്രതിനിധികളായ എലനോർ, നാറ്റ്‌ലി എന്നിവർ ആരാധനയിലും മറ്റു പരിപാടികളിലും പങ്കെടുക്കും. 2020 ഫ്രെബുവരി 10 വരെ നീണ്ടു നിൽക്കുന്ന ജൂബിലി ആഘോഷ പരിപാടികളിൽ ഇന്ത്യയിലെ ബ്രട്ടീഷ് സ്ഥാനപതി ഡോമിനിക്ക് അസ്‌ക്വയത്ത്, ബ്രിട്ടീഷ് സെമിത്തേരിയുടെ ചുമതല വഹിക്കുന്ന ബാസ്താ സെക്രട്ടറി പീറ്റർ ബൂൺ എന്നിവരടക്കം പങ്കെടുക്കുമെന്ന് ഇടവക വികാരി ഫാ. ജെയിസിങ്ങ് നോർബർട്ട് അറിയിച്ചു.