അടിമാലി: വിനോദ സഞ്ചാരിയായ വിദേശ വനിതയെ ലൈംഗികമായി അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് പൊലീസ് പിടിയിലായി. വാളറ ചേലാട്ട് മനോജിനെയാണ് (43) അടിമാലി സി.ഐ പി.കെ. സാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി എട്ടിന് മനോജിന്റെ ഉടമസ്ഥതയിലുള്ള വാളറയിലെ വ്യാപാരസ്ഥാപനത്തിലാണ് ഇംഗ്ലണ്ട് സ്വദേശിനിയായ യുവതിയെ മനോജ് അപമാനിക്കാൻ ശ്രമിച്ചത്. ഇംഗ്ലണ്ടുകാരനായ സുഹൃത്തും യുവതിക്കൊപ്പമുണ്ടായിരുന്നു. വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാറിലേക്കുള്ള യാത്രയ്ക്കിടെ മറ്റ് സുഹൃത്തുക്കൾ എത്തുന്നതിനായി വാളറ വെള്ളച്ചാട്ടത്തിന് സമീപം യുവതിയും സുഹൃത്തും തങ്ങി. ഇതിനിടയിൽ മനോജിന്റെ വ്യാപാരസ്ഥാപനത്തിൽ എത്തി. ഇവിടെ സമയം ചിലവഴിക്കുന്നതിനിടെയാണ് യുവതിയെ മനോജ് അപമാനിക്കാൻ ശ്രമിച്ചതെന്നാണ് പരാതി. മനോജിനെ കോടതിയിൽ ഹാജരാക്കി.