അടിമാലി: സാംസ്‌കാരിക സാഹിതി സംസ്ഥാന ചെയർമാൻ ആര്യാടൻ ഷൗക്കത്ത് നയിക്കുന്ന സാംസ്‌കാരിക യാത്രക്ക് അടിമാലിയിൽ സ്വീകരണം നൽകി. ഗാന്ധി ഇന്ത്യ ജ്വലിക്കട്ടെ ഗോഡ്‌സെ ചിന്ത മരിക്കട്ടെ എന്ന സന്ദേശമുയർത്തിയാണ് യാത്ര സംസ്ഥാനത്ത് പര്യടനം നടത്തുന്നത്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്രയ്ക്ക് മുന്നോടിയായുള്ള യാത്രക്ക് ശനിയാഴ്ച തൊടുപുഴയിലും പ്രവർത്തകർ സ്വീകരണമൊരുക്കിയിരുന്നു. അടിമാലിയിൽ നടന്ന പൊതുസമ്മേളനം ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്തു. മറ്റ് രാഷ്ട്രങ്ങൾ പോലും ഗാന്ധിയൻ ദർശനങ്ങൾ പിന്തുടരുമ്പോൾ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഗാന്ധിയൻ ദർശനങ്ങളെ തകർക്കാൻ ശ്രമിക്കുകയാണെന്ന് ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു. ഗാന്ധിയൻ ആശയങ്ങളുടെയും ദേശീയതയുടെയും സന്ദേശമുയർത്തി സാംസ്‌കാരിക സാഹിതി പ്രവർത്തകർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സാംസ്‌കാരിക സാഹിതി ചെയർമാൻ ഹിമ സോമൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഷിബു വൈക്കം, അനി വർഗീസ്, സംസ്ഥാന കൺവീനർ എൻ.വി. പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ അടിമാലിയിലെ കലാ- സാംസ്‌കാരിക പ്രവർത്തകരെ ആദരിച്ചു.