kk
മറയൂർ മുരുകൻ മലയിലെത്തിയ ചരിത്ര പൈതൃക പഠനസംഘം .

മറയൂർ: മറയൂരിലെ പരമ്പരാഗത സ്മാരകങ്ങളുടെ അവശേഷിപ്പുകളായ മുനിയറകളുടെയും ശിലാലിഖിതങ്ങളുടെയും ഉള്ളറകൾതേടി ചരിത്ര പൈതൃക പഠനസംഘമെത്തി. സംസ്ഥാന സാംസ്‌ക്കാരിക വകുപ്പിന്റെ കീഴിലുള്ള പഠനസംഘമാണ് മുരുകൻ മലയിലെത്തിയത്. വിദ്യാർത്ഥികളുടെ ഇടയിൽ നടത്തിയ പഞ്ചായത്ത്, ബ്ലോക്ക്, ജില്ല തല ക്വിസ് മൽസരങ്ങളിൽ വിജയിച്ച് മെഗാ ഫൈനലിലെത്തിയ 18 പേരും അവരുടെ അദ്ധ്യാപകരും രക്ഷിതാക്കളും പുരാവസ്തു വകുപ്പിലെ ഉദ്യോഗസ്ഥരുമാണ് ഡയറക്ടർ ജെ.രജികുമാറിന്റെ നേതൃത്വത്തിൽ സംഘത്തിലുള്ളത്. പൈതൃക സംസ്‌ക്കാരങ്ങളുടെ അവബോധം കുട്ടികളിലും രക്ഷിതാക്കളിലും വളർത്തിയെടുക്കാനാണ് പഠനയാത്ര സംഘടിപ്പിച്ചത് എന്ന് റെജി കുമാർ പറഞ്ഞു. തിരുവനന്തപുരം പുരാവസ്തു, പുരാരേഖ വകുപ്പ് ഓഫിസ്, ആശാൻ സ്മാരകം, ആറന്മുള വാസ്തുവിദ്യ ഗുരുകുലം എന്നിവ സന്ദർശിച്ച ശേഷമാണ് സംഘം മറയൂരിലെത്തിയത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് അസി.പ്രൊഫസറും ക്വിസ് മാസ്റ്ററുമായ ഡോ.എസ്. ഉണ്ണികൃഷ്ണൻ പൈതൃക സംസ്‌കാരത്തെ കുറിച്ച് വിശദമായ ക്ലാസ് എടുത്തു. ഉദ്യോഗസ്ഥരായ എൻ.ഷിബു, നന്ദകുമാർ .കെ .എസ്, കെ.ഒ.വിമല, സജികുമാർ.ആർ ,പി.കെ.സജീവ്, ഹരികുമാർ.കെ എന്നിവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.