ചെറുതോണി: ജില്ലയിൽ കർഷക ആത്മഹത്യകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കർഷകരുടെ പ്രശ്നം പരിഹരിക്കുന്നതിനായി സർക്കാർ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (എം)ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 10.30ന് കളക്ടറേറ്റ് പടിക്കൽ ധർണ നടത്തും. റോഷി അഗസ്റ്റിൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പ്രൊഫ. എൻ.ജെ. ജേക്കബ് അദ്ധ്യക്ഷതവഹിക്കും. ജില്ലയിൽ ഇതിനോടകം നാല് കർഷക ആത്മഹത്യകളാണ് സംഭവിച്ചിരിക്കുന്നത്. ഇവരെല്ലാം വിവിധ ധനകാര്യസ്ഥാപനങ്ങളിൽ നിന്നും വായ്പയെടുത്ത് കുടിശിക ആയി ജപ്തി നടപടികൾ നേരിട്ടുവരുന്നവരാണ്. പ്രളയക്കെടുതിയേത്തുടർന്ന് കൃഷിയും ഉപജീവന മാർഗങ്ങളും നഷ്ടപ്പെട്ട കർഷകരുടെ വീടുകളിലേക്ക് ധനകാര്യസ്ഥാപനങ്ങൾ ജപ്തി നോട്ടീസുമായി എത്തുന്നതും ഭീഷിണിപ്പെടുത്തിയും സമ്മർദ്ദം ചെലുത്തിയും വായ്പ തിരിച്ചടക്കുവാൻ നിർബന്ധിക്കുന്നത് വ്യാപകമായിരിക്കുകയാണ്. സർക്കാർ വായ്പകൾക്ക് മൊറൊട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എല്ലാ കേന്ദ്ര-സംസ്ഥാന സർക്കാർ ധനകാര്യ സ്ഥാപനങ്ങളിലും മൊറൊട്ടൊറിയം ഉൾപ്പെടുത്താത്തതും മൊറോട്ടോറിയത്തിനു കീഴിൽ വരുന്ന സ്ഥാപനങ്ങളും വിവിധ കാരണങ്ങൾ പറഞ്ഞ് കുടിശികക്കാർക്ക് ഇളവുകൾ നൽകാത്തതും കർഷകർക്ക് മാനസികവും സാമ്പത്തികുവുമായ പ്രതിസന്ധികൾ സൃഷ്ടിച്ചിരിക്കുകയാണ്. സാമ്പത്തികവർഷം അവസാനിക്കുന്നതോടെ ബാങ്കുകൾ വായ്പാതുക തിരികെ ലഭിക്കുന്നതിനായി ഒറ്റത്തവണ പദ്ധതി പ്രഖ്യാപിച്ച് നാമമാത്രമായ പിഴപലിശ ഇളവുനൽകി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വായ്പ തിരിച്ചടക്കുന്നതിന് സമ്മർദ്ദം ചെലത്തുകയാണ്. കാർഷിക ആവശ്യത്തിനായി സ്വർണപ്പണയം വെച്ചിട്ടുള്ളവർക്ക് ഒരു വർഷത്തിനുള്ളിൽ പണയം തിരിച്ചെടുക്കേണ്ടതായി വരുന്നതും പണയം പുതുക്കി വെക്കുന്നതിന് പലിശഅടക്കം മുഴുവൻതുകയും ബാങ്കിൽ അടക്കേണ്ടിവരുന്നതും ഏറെപ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിഷയത്തിൽ സർക്കാർ അടിയന്തിരമായി ഇടപെട്ട് മൊറോട്ടോറിയം കാലാവധി ഒരുവർഷമായി ദീർഘിപ്പിച്ചു നൽകണമെന്നും കാർഷിക വായ്പകൾ എഴുതിത്തള്ളണമെന്നുമാവശ്യപ്പെട്ടാണ് ധർണ സംഘടിപ്പിക്കുന്നത്.