അടിമാലി: നഗരത്തിലെ ഓടകളിൽ നിന്ന് വമിക്കുന്ന ദുർഗന്ധം സഹിക്കാനാവാതെ അടിമാലി ടൗണിലെത്തുന്നവർ മൂക്ക് പൊത്തി നടക്കേണ്ട ഗതികേടിലാണ്. കല്ലാർകുട്ടി റോഡ്, ബസ് സ്റ്റാൻഡ്, ലൈബ്രറി റോഡ്, അടിമാലി മാത ജംഗ്ഷൻ എന്നിവിടങ്ങളിലാണ് കക്കൂസ് മാലിന്യങ്ങൾ ഓടയിലൂടെ ഒഴുകുന്നത്. ഓടകളുടെ സമീപത്ത് പ്രവർത്തിക്കുന്ന ബഹുനില കെട്ടിടങ്ങളുടെ കക്കൂസ് പൈപ്പുകൾ ഓടകളിലേക്കാണ് വച്ചിരിക്കുന്നത്. മാലിന്യം നിറഞ്ഞ് കറുത്ത നിറത്തിലാണ് ഓടയിലൂടെ ജലം ഒഴുകുന്നത്. ഇവിടെ നിന്ന് ഉയരുന്ന ദുർഗന്ധം ഒരുകിലോമീറ്റർ ചുറ്റളവിൽ പടരുന്നുണ്ട്. രൂക്ഷമായ ദുർഗന്ധം കാരണം പലപ്പോഴും കല്ലാർകുട്ടി റോഡിലൂടെ സഞ്ചരിക്കാൻ പോലും പറ്റില്ല. കോടി, ഗവ. ഹൈസ്‌കൂൾ എന്നിവയോട് ചേർന്ന് ഒഴുകുന്ന ഓടയിലും മാലിന്യം നിറഞ്ഞൊഴുകുകയാണ്. ടൗണിന്റെ ഹൃദയഭാഗത്ത് കൂടി ഒഴുകുന്ന അടിമാലി തോടിന്റെ അവസ്ഥയും ഇത് തന്നെയാണ്. സ്വകാര്യ ആശുപത്രിയടക്കമുള്ള വ്യാപാരസ്ഥാപനങ്ങൾ, പഴംപച്ചക്കറി വ്യാപാരസ്ഥാപനങ്ങൾ, രാത്രികാല കടകൾ എന്നിവിടങ്ങളിൽ നിന്ന് മാലിന്യം തോട്ടിലേക്കാണ് ഒഴുക്കുന്നത്. ഇതോടെ പകർച്ചവ്യാധി പരത്തുന്ന ഈച്ചയും കൊതുകും അടിമാലിയിൽ വ്യാപകമായിട്ടുണ്ട്.
മലിനമാക്കാൻ പഞ്ചായത്ത് മുന്നിൽ
മറ്റിടങ്ങളിൽ സ്വകാര്യസ്ഥാപനങ്ങളാണ് പ്രതികളെങ്കിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പഞ്ചായത്താണ് കക്കൂസ് മാലിന്യം ഓടയിലൂടെ ഒഴുക്കുന്നത്. പഞ്ചായത്ത് വക കംഫര്‍സ്റ്റേഷൻ തകരാറിലായതിനെ തുടർന്ന് മാലിന്യം ഓടയിലൂടെയാണ് ഒഴുക്കുന്നത്. ഈ മാലിന്യങ്ങളെല്ലാം ഒഴുകിയെത്തുന്നത് ദേവിയാർ പുഴയിലേക്കാണ്. ക്ലീൻ ദേവിയാർ, ഗ്രീൻ അടിമാല പദ്ധതി പ്രകാരം പുഴ ശുചീകരിച്ച് രണ്ട് മാസം പൂർത്തിയാകുന്നതിന് മുന്നേ മാലിന്യവാഹിനിയായി ദേവിയാർ പുഴ മാറി.
മൂന്ന് അവാർഡ് കിട്ടിയത് മാലിന്യം തള്ളിയതിനോ
മാലിന്യ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട് മൂന്ന് അവാർഡുകൾ അടിമാലി പഞ്ചായത്തിന് ലഭിച്ചിട്ടുണ്ട്. ശുചീകരണ പ്രവർത്തനത്തിന്റെ പേരിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഒരു കോടിയിലേറെ രൂപ ചെലവഴിച്ചിട്ടുമുണ്ട്. പഞ്ചായത്തിലെ ചിലർ വാർത്തകളിൽ ഇടംപിടിക്കാൻ നടത്തുന്ന പൊടികൈകളല്ലാതെ യഥാർത്ഥ ശുചീകരണ പ്രവർത്തനത്തിനായി ഒന്നും ചെയ്യുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.