raju
മരണമടഞ്ഞ രാജു

അടിമാലി: സാമ്പത്തിക ബാധ്യതയെ തുടർന്ന് അടിമാലി ആനവിരട്ടിയിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു ആനവിരട്ടി സ്വദേശി കോട്ടക്കല്ലിൽ വീട്ടിൽ രാജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനോട് ചേർന്ന കൊക്കോ മരത്തിൽ തൂങ്ങി മരിക്കുകയായിരുന്നു. അടിമാലിയിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും ഏതാനും നാളുകൾക്ക് മുമ്പ് പത്ത് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ പുരയിടത്തിന്റെ ഒരു ഭാഗം വിറ്റ് കടം തീർക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.വായ്പ തിരിച്ചടവിനുള്ള സമ്മർദ്ദം ഏറിയതിനിടയിലാണ് അപ്രതീക്ഷിതമായി രാജു ജീവൻ ഒടുക്കിയത്. സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവിതം അവസാനിപ്പിക്കുന്നതായുള്ള ആത്മഹത്യകുറിപ്പ് രാജുവിന്റെ വസ്ത്രത്തിൽ നിന്നും പൊലീസ് കണ്ടെടുത്തതായാണ് സൂചന. അതേസമയം സാമ്പത്തിക ബാധ്യതയെ തുടർന്ന് ഇടുക്കിയിൽ ജീവൻ അവസാനിപ്പിക്കുന്നവരുടെ എണ്ണം ഏറിയ സാഹചര്യത്തിൽ പ്രതിഷേധവും ശക്തമാകുകയാണ്. പ്രളയ ശേഷം സർക്കാർ പ്രഖ്യാപിച്ച മൊറട്ടോറിയം അവസാനിക്കാൻ ആറ് മാസം ബാക്കി നിൽക്കെ വായ്പ തിരിച്ചടവിന് ധനകാര്യസ്ഥാപനങ്ങൾ ചെലുത്തുന്ന സമ്മർദ്ദം അവസാനിപ്പിക്കണമെന്ന് രാജുവിന്റെ ഭവനം സന്ദർശിച്ച ശേഷം ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ആവശ്യപ്പെട്ടു.