ചെറുതോണി : ജില്ലയിലെ പ്രളയക്കെടുതിയെ തുടർന്നുണ്ടായ കൃഷി നാശവും വിലത്തകർച്ചയും മൂലം കർഷകർ കടക്കെണിയിലായതോടെ കർഷക ആത്മഹത്യ തുടർക്കഥയായി. മാർച്ചിന് മുമ്പ് വായ്പകൾ തിരിച്ച് അടക്കുകയോ പലിശയടച്ച് പുതുക്കുകയോ ചെയ്യണം. എന്നാൽ പലിശയ്ടക്കുന്നതിനോ പുതുക്കാനോ കഴിയുന്ന അവസ്ഥയിലല്ല കർഷകർ. കഴിഞ്ഞ പ്രളയക്കെടുതിയ്ക്ക് ശേഷം ജില്ലാ ആസ്ഥാന മേഖലയിൽ കാർഷിക കടം മൂലം നാലുപേർ ആത്മഹത്യചെയ്തു. ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ് കീരിത്തോട് വെട്ടിയ്ക്കാപ്പിള്ളിൽ ദിവാകരൻ, തോപ്രാംകുടി മേരിഗിരി താന്നിക്കാട്ട്കാലായിൽ സന്തോഷ്, പെരിഞ്ചാംകുട്ടി കുന്നുംപുറത്ത് സഹദേവൻ , വാഴത്തോപ്പ് നെല്ലിപ്പുഴയിൽ ജോണി എന്നിവരാണ് ആത്മഹത്യ ചെയ്തത്. മണിയാറൻകുടി നിരവത്ത് ടോമിയാണ് ഗുരുതരവസ്ഥയിൽ മെഡിക്കൽകോളജിൽ ചികിത്സയിലുള്ളത്. ക്ഷീരമേഖലയിലുള്ള
കർഷകരും പ്രതിസന്ധിയിലാണ്. ഉല്പാദന ചെലവിന് അനുസരിച്ചുള്ള വില പാലിന് ലഭിക്കുന്നില്ല. അതിനാൽ ക്ഷീരകൃഷിയിൽ നിന്നും പലരും പിന്തിരിയുകയാണ്. പ്രളയക്കെടുതിയിൽ ആടുമാടുകൾ നഷ്ടപ്പെട്ടവർക്ക് ഇതുവരെയും യാതൊരു സഹായവും ലഭിച്ചിട്ടില്ല. അമിതമായി പെയ്ത മഴയിൽ കാർഷിക വിളകൾ മുഴുവൻ നശിച്ചുപോയി. ഉരുൾപൊട്ടി വീടും ഏക്കർ കണക്കിന് കൃഷിയിടങ്ങളുമാണ് കർഷകർക്ക് നഷ്ടമായത്. തന്നാണ്ടു വിളകളായ വാഴ,കപ്പ, പച്ചക്കറികൾ എന്നിവ 90 ശതമാനവും നശിച്ചു പോയിരുന്നു. റബറിന് കിലോയ്ക്ക് 115 രൂപയാണ് ഇപ്പോഴത്തെ വില. വെട്ടുകൂലി കൊടുത്തുകഴിഞ്ഞാൽ കർഷകന് മിച്ചം ലഭിക്കുകയില്ല. മഴക്കാലത്ത് കർഷകരെ സംരക്ഷിച്ചിരുന്നത് കൊക്കോ കൃഷിയായിരുന്നു. എന്നാൽ പ്രളയത്തിന് ശേഷം ഒരു കർഷകനും കൊക്കോക്കായ ലഭിച്ചിട്ടില്ല. ചെടിയിലുണ്ടാകുന്ന കായ്കൾ മുഴുവൻ കേടുവന്ന് പോവുകയായിരുന്നു. കൊക്കോയ്ക്ക് 50 രൂപയാണ് വില ലഭിക്കുന്നത്. കുരുമുളകിനാണ് ഏറ്റവും കൂടുതൽ വിലത്തകർച്ച നേരിട്ടത്. കഴിഞ്ഞ വർഷം 700 -800 രൂപവരെ വില ലഭിച്ചിരുന്നു. ഇപ്പോൾ 360 രൂപയാണ് വില. ഇത് തൊഴിലാളിക്ക് കൂലി കൊടുക്കാനേ തികയുകയുള്ളൂ. കാപ്പിക്കുരുവിന്റെ വിളവെടുക്കുന്നതിനും കഴിയാത്ത സ്ഥിതിയാണുള്ളത്. തൊണ്ട് കാപ്പിക്ക് 60 രൂപയാണ് ഇപ്പോഴത്തെ വില. ഏലക്കായ്ക്ക് മെച്ചപ്പെട്ടവില ലഭിക്കുന്നുണ്ടെങ്കിലും മഴക്കൂടുതൽ കാരണം വിളവില്ല. ജാതിക്കായ കൂടുതലും ചീഞ്ഞു പോയി. ജാതിയ്ക്ക കിലോയ്ക്ക് 260 രൂപയാണ് ഈവർഷത്തെ വില. ഗ്രാമ്പൂവിന് 710 രൂപ വരെ വിലയുണ്ടെങ്കിലും ഇത്തവണ വിളവ് കുറവാണ്.
ജില്ലയിലെ പൊതുമേഖല ബാങ്കുകളും സഹകരണ ബാങ്കുകളും പരമാവധി പലിശയിളവ് നൽകി ലോണുകൾ പുതുക്കാൻ തയ്യാറാണെങ്കിലും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും കെ.എസ്.എഫ്. ഇ. പോലുള്ള സ്ഥാപനങ്ങളുമാണ് കർഷകരെ പിഴിയുന്നത്. കെ.എസ്.എഫ്.ഇ.യുട ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടർന്നാണ് തോപ്രാംകുടിയിലെ കർഷകനായ സന്തോഷ് ആത്മഹത്യ ചെയ്തത്. ജില്ല ആസ്ഥാനത്തെ കെ.എസ്.എഫ്.ഇ.യുടെ ഒരു ശാഖയിൽ നിന്ന് മാത്രം 68 പേർക്കാണ് വസ്തു ഈടിന്മേൽ ചിട്ടി നൽകിയിട്ടുള്ളത്. ഇതിൽ 30 പേർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.