നെടുങ്കണ്ടം: താൽക്കാലികമായി നിറുത്തിവച്ചിരുന്ന രാമക്കൽമേട് ഓഫ് റോഡ് ജീപ്പ് സഫാരി ഇന്ന് രാവിലെ 10 ന് പുനരാരംഭിക്കുമെന്ന് ഡി.ടി.പി.സി. അധികൃതർ അറിയിച്ചു. രാമക്കൽമേട്ടിൽ നടക്കുന്ന പരിപാടി മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യും. ഓഫ് റോഡ് ജീപ്പ് സഫാരി പുനരാരംഭിക്കുമ്പോൾ 40 ജീപ്പുകളാണ് സർവീസ് നടത്തുന്നത്. ഒരു ജീപ്പിൽ സഞ്ചരിക്കുന്നതിന് 1300 രൂപയാണ് ഈടാക്കുന്നത്. ജീപ്പിന് ഉൾക്കൊള്ളാവുന്ന എണ്ണത്തിനനുസരിച്ച് 6 മുതൽ 9 പേരെ വരെ കയറ്റും. സവാരിക്കായി എത്തുന്നവർക്ക് രാമക്കൽമേട്ടിലെ ഡി.ടി.പി.സി.യുടെ കൗണ്ടറിൽ നിന്ന് ടിക്കറ്റ് ലഭ്യമാകും. രണ്ട് മണിക്കൂർ കൊണ്ട് ആമപ്പാറ, ഗ്രീൻവാലി വ്യൂപോയിന്റ്, സോളാർ പ്രോജക്ട് ഭാഗം പ്രദേശങ്ങൾ ചുറ്റി വിനോദസഞ്ചാരികളെ തിരികെ രാമക്കൽമേട്ടിൽ എത്തിക്കും. മോട്ടോർവാഹന വകുപ്പിന്റെ ഫിറ്റ്നസ് സ്റ്റിക്കർ പതിച്ച 40 ജീപ്പുകളാണ് ആദ്യഘട്ടത്തിലുള്ളത്. പരിശീലനം ലഭിച്ച 70 ഡ്രൈവർമാർക്ക് തിരിച്ചറിയൽ കാർഡ് വിതരണം ഉടുമ്പൻചോല ജോയിന്റ് ആർ.ടി.ഒ. എം.കെ.ജയേഷ് നടത്തി. ഡ്രൈവർമാർ മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനുള്ള ബ്രീത്ത് അനലൈസർ മെഷീൻ, സി.സി.ടി.വി. കാമറകൾ തുടങ്ങിയവ ഒരുക്കും. കഴിഞ്ഞ വർഷം മേയ് അവസാനവാരം മഴക്കാലം ആരംഭിക്കുന്നതിന്റെ മുന്നോടിയായി 2005 ലെ ദുരിത നിവാരണ ഉത്തരവ് പ്രകാരമാണ് കലക്ടർ ജില്ലയിലെ ഓഫ് റോഡ് സഫാരി താൽക്കാലികമായി നിറുത്തലാക്കിയത്‌.