തൊടുപുഴ: പതിമൂന്നാമത് തൊടുപുഴ ഫിലിം ഫെസ്റ്റിവൽ ഇന്ന് സമാപിക്കും. നഗരസഭയും തൊടുപുഴ ഫിലിംസൊസൈറ്റിയും സംയുക്തമായി കേരള ചലച്ചിത്ര അക്കാദമി, ദൂർദർശൻ, ഫിലിം സൊസൈറ്റീസ് ഫെഡറേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ഫെസ്റ്റിവൽ സംഘടിപ്പിച്ചത്.
വൈകിട്ട് അഞ്ചിന് സിൽവർഹിൽസ് സിനിമാസിൽ നടക്കുന്ന സമാപന സമ്മേളനം പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംവിധായകരായ എം.ഡി. സുകുമാരൻ, ദിലീഷ് നായർ, പ്രശോഭ് വിജയൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. നഗരസഭ ചെയർമാൻ (ആക്ടിംഗ്) അഡ്വ. സി.കെ. ജാഫർ അദ്ധ്യക്ഷത വഹിക്കും .
ഇന്നലെ അതിജീവന പാക്കേജിൽ ഉൾപ്പെട്ട 'ദി മാർഷ്യൻ' (യു.കെ), തമിഴ് ചിത്രം 'പരിയേറും പെരുമാൾ', സംസ്ഥാന ദേശീയ പുരസ്‌കാരങ്ങൾ നേടിയ 'ഈ.മ.യൗ' എന്നിവ പ്രദർശിപ്പിച്ചു. ദൂരദർശന് വേണ്ടി ജയരാജ്, ഹരികുമാർ, ശ്യാമപ്രസാദ്, ടി.വി. ചന്ദ്രൻ എന്നിവർ സംവിധാനം ചെയ്ത 'വെള്ളപ്പൊക്കത്തിൽ', 'രാച്ചിയമ്മ', 'ഉള്ളുരുക്കം', 'ഒരു മനുഷ്യൻ' എന്നീ ഹ്രസ്വചിത്രങ്ങളും ഇന്നലെ പ്രദർശിപ്പിച്ചു.
സമാപന ദിവസമായ ഇന്ന് രാവിലെ 10.30ന് ബർണാഡോ ബർട്ടലുച്ചിയോടുള്ള ആദരസൂചകമായി ക്ലാസിക് ചലച്ചിത്രം 'ദി ലാസ്റ്റ് എംപറർ' പ്രദർശിപ്പിക്കും. ഉച്ചയ്ക്ക് 2.30ന് മലയാളചിത്രം 'ലില്ലി', 6.00 മണിക്ക് സമാപനചിത്രമായ 'കാത്തമ്മ' (തമിഴ്), 8.30ന് ബ്രിട്ടീഷ് ചലച്ചിത്രം 'ഐ ഡാനിയൽ ബ്ലേക്ക്' എന്നിവയും പ്രദർശിപ്പിക്കും.