നെടുങ്കണ്ടം: മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പാക്കാൻ നെടുങ്കണ്ടം പഞ്ചായത്ത് ഒരുങ്ങുന്നു. ബോഡിമെട്ടിൽ നിർമ്മിക്കുന്ന 35 ക്യുബിക്ക് മീറ്റർ ശേഷിയുള്ള ബയോഗ്യാസ പ്ലാന്റിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. അറവ് മാലിന്യങ്ങൾ, മത്സ്യകോഴി വേസ്റ്റ്, ചാണകം, ഭക്ഷണാഹാരങ്ങളുടെ അവശിഷ്ടങ്ങൾ എന്നിവ ബോഡിമെട്ടിലെ പ്രത്യേക പ്ലാന്റിൽ സംസ്‌കരിക്കും. ഇതിൽ നിന്ന് ലഭിക്കുന്ന ഗ്യാസ് ഉപയോഗിച്ചാണ് വൈദ്യുതി നിർമ്മിക്കുന്നത്. ബോഡിമെട്ട് കോളനിയിലെ തെരുവ് വിളക്കുകൾ തെളിയിക്കുന്നതിനാണ് ഈ വൈദ്യുതി ആദ്യം ഉപയോഗിക്കുന്നത്. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ശുചിത്വമിഷനാണ് ഐ.ആർ.ടി.സിയുടെ മേൽനോട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. 10ലക്ഷം രൂപ ചെലവിൽ കേന്ദ്ര ഗ്രാമവികസന വകുപ്പിന്റെ ഗോവർധൻ പദ്ധതി പ്രകാരം നിർമ്മിക്കുന്ന യൂണിറ്റിൽ അടുത്ത മാസം മുതൽ വൈദ്യുതി ഉത്പാദനവും ആരംഭിക്കും. മാലിന്യമുക്ത നെടുങ്കണ്ടം പദ്ധതിയുടെ ഭാഗമായി ഓരോ വാർഡിലെയും ഹരിത കർമ്മസേനാംഗങ്ങൾ വീടുകൾ, ആശുപത്രികൾ, ഹോട്ടലുകൾ, സ്‌കൂളുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് മാലിന്യം ശേഖരിക്കും. ഇതിൽ നിന്ന് പ്ലാസ്റ്റിക് ഖരജൈവ മാലിന്യങ്ങൾ വേർതിരിച്ച് മാലിന്യ സംസ്‌കരണ പ്ലാന്റിലെത്തിച്ച് സംസ്‌കരിക്കും. മാത്സ്യമാംസാഹരങ്ങൾ, ഭക്ഷണ അവശിഷ്ടങ്ങൾ തുടങ്ങിയവ വൈദ്യുതി ഉത്പാദനത്തിന് ഉപയോഗിക്കും.
പ്ലാസ്റ്റിക് മാലിന്യങ്ങൾ ടാറിംഗിന്
സംസ്‌കരിച്ചെടുക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ടാറിംഗിനായി ക്ലീൻ കേരള കമ്പനി വഴി ടാറിംഗ് കമ്പനികൾക്ക് വിൽപ്പന നടത്തുന്നുണ്ട്. പ്രതിദിനം ഒരു ടൺ മാലിന്യമാണ് സംസ്‌കരിക്കുന്നത്. ആറു മാസംകൊണ്ട് പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് മാത്രം ഒരു ലക്ഷം രൂപ വരുമാനം ലഭിച്ചു.
മാലിന്യത്തിൽ നിന്ന് ജൈവവളവും
മാലിന്യത്തിൽ നിന്ന് ജൈവവളം നിർമിച്ച് മിതമായ നിരക്കിൽ കർഷകർക്ക് വിതരണവും ചെയ്യുന്നുമുണ്ട്. നിലവിൽ 8000 കിലോ ജൈവവളം, 10,000 കിലോ പ്ലാസ്റ്റിക് മാലിന്യവും വില്പനക്കായി സൂക്ഷിച്ചിട്ടുണ്ട്.
'വരുമാനത്തിലുപരി മാലിന്യ സംസ്‌കരണത്തിനാണ് പ്രാധാന്യം നൽകുന്നതെന്ന് "- പി.വി. ബിജു (പഞ്ചായത്ത് സെക്രട്ടറി)