kuttikkanam
കുട്ടിക്കാനത്ത് നിർമ്മാണം പുരോഗമിക്കുന്ന ടാർ മിക്സിംഗ് പ്ലാൻ്റ്

ഇടുക്കി : ഭൂപരിഷ്കരണ നിയമം ലംഘിച്ച് പീരുമേട് താലൂക്കിലെ തേയില തോട്ടങ്ങളിൽ ഭൂമി മുറിച്ചു വിൽപ്പനയും അനധികൃത നിർമ്മാണങ്ങളും വ്യാപകമാകുന്നതായി ആക്ഷേപം.

മുറിച്ചു വിറ്റ തോട്ടങ്ങളിൽ തരംമാറ്റി നിർമാണ പ്രവർത്തനങ്ങൾ പാടില്ലന്നുള്ള ജില്ല ഭരണകൂടത്തിന്റെ ഉത്തരവ് നിലനിൽക്കെയാണ് നഗ്നമായ നിയമലംഘനങ്ങൾ അരങ്ങേറുന്നത്. കുട്ടിക്കാനത്ത് സ്വകാര്യതോട്ടത്തിലെ രണ്ട് ഏക്കർ ഭൂമിയിൽ കൂറ്റൻ ടാർ മിക്‌സിംഗ് പ്ലാന്റിന്റെ നിർമ്മാണമാണ് ഈ പരമ്പരയിലെ അവസാന സംഭവം. നിയമപ്രകാരം തോട്ടം മുറിച്ചുവിൽക്കാനൊ വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കാനൊ പാടില്ലെന്നിരിക്കെയാണ് നൂറുകണക്കിന് തേയില ചെടികൾ പിഴുതിമാറ്റിയും കുന്നിടിച്ച് നിരത്തിയും പ്ലാൻ്റ സ്ഥാപിക്കുന്നത്. കുട്ടിക്കാനം- കട്ടപ്പന സംസ്ഥാന പാതയോട് ചേർന്ന് രണ്ടേക്കറോളം സ്ഥലത്തെ ചെറിയ കുന്നാണ് ഇടിച്ചുനിരത്തുന്നത്. ഇതിനെതിരെ റവന്യുവകുപ്പോ പഞ്ചായത്തൊ നടപടി സ്വീകരിക്കാൻ തയ്യാറായിട്ടുമില്ല. പ്രൈമറി സ്കൂൾ മുതൽ നിരവധി ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ വരെ സ്ഥിതിചെയ്യുന്ന സ്ഥലത്തിന് സമീപത്തെ പ്ലാൻ്റ് നിർമ്മാണം വലിയ പാരിസ്ഥിതിക പ്രത്യാഖാതങ്ങളുണ്ടാക്കുമെന്ന നാട്ടുകാരുടെ പരാതിയും അധികൃതർ മുഖവിലയ്ക്ക് എടുക്കുന്നില്ല.

തോട്ടം പ്രതിസന്ധിയെ തുടർന്ന് തൊഴിലാളികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾക്കുവേണ്ടി വിനിയോഗിക്കാൻ മാറ്റിയിട്ട ഭൂമിയാണ് ഇപ്പോൾ അനധികൃതമായി വിൽപ്പന നടത്തുന്നത്. വൻകിട തോട്ടങ്ങളിൽ വിനോദ സഞ്ചാര ആവശ്യങ്ങൾക്കായി അഞ്ചു ശതമാനം ഭൂമി തരം മാറ്റി ഉപയോഗിക്കാമെന്ന ഭൂപരിഷകരണ നിയമത്തിലെ ഇളവും, സ്‌കൂളുകൾ, അനാഥാലയങ്ങൾ,എന്നിവയ്ക്കുള്ള ഇളവുകളുമാണ് കച്ചവടത്തിന് മറയാക്കുന്നത്. മുമ്പ് ഏലപ്പാറ വില്ലേജിലെ ബോണാമിയിൽ നടന്ന അനധികൃതഭൂമി വിൽപ്പനക്കെതിരെ റവന്യൂ വകുപ്പ് നടപടിയെടുക്കാതിരുന്നത് മറ്റുള്ളവർക്ക് പ്രചോതനമായിരിക്കുകയാണ്. പീരുമേട് താലൂക്കിൽ മിക്കവാറും എല്ലാ എസ്റ്റേറ്റുകളിലും തോട്ടം മുറിച്ച് വിൽപ്പനയും ഭൂമിയുടെ തരംമാറ്റലും തകൃതിയായി നടക്കുന്നതായും നേരത്തെ മുതൽ ആരോപണമുണ്ട്.

നിയമം അനുശാസിക്കുന്നത്

കേരള ഭൂപരിഷ്‌കരണ നിയമം സെക്ഷൻ 81 പ്രകാരം ഇളവ് അനുവധിക്കുന്ന ഭൂമി കൈമാറ്റം ചെയ്യുന്നതിനും പോക്ക് വരവ് ചെയ്ത് നല്കുന്നതിനും കോടതി ഉത്തരവുകൾക്ക് വിധേയമായി മറ്റ് സർട്ടിഫിക്കറ്റുകൾ നല്കുന്നതിനും തടസമില്ല. എന്നാൽ മുറിച്ചുവിറ്റ ഭൂമി തരം മാറ്റിയില്ല എന്ന് ഉറപ്പ് വരുത്തിയതിനു ശേഷമേ പോക്കുവരവ് നടപടികൾ , സർട്ടിഫിക്കറ്റ് വിതരണം എന്നീ നടപടികൾ നടത്താൻ കഴിയു. ഇതിനു ശേഷവും പ്രസ്തുത ഭൂമികൾ തരം മാറ്റപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും നിയമത്തിൽ വ്യവസ്ഥയുണ്ട്. തോട്ടംഭൂമി മുറിച്ച് കൈമാറ്റം ചെയ്യുന്ന കേസുകളിൽ പോക്കുവരവ് നടപടി സ്വീകരിക്കുന്ന സമയത്ത് തണ്ടപ്പേര് ബി.റ്റി.ആർ രജിസ്റ്ററിൽ ഭൂമിയുടെ ഇനം കോളത്തിലും കരമടച്ച് രസീതിന്റെ റിമാർക്ക്‌സ് കോളത്തിലും കെ.എൽ. ആർ ആക്ട് പ്രകാരം ഇളവ് ലഭിച്ച തോട്ടം ഭൂമിയെന്ന് രേഖപ്പെടുത്തി നല്കുകയും വേണം. ഇത്തരത്തിലുള്ള ഭൂമികളിൽ നടക്കുന്ന നിർമ്മാണങ്ങൾ തടയണമെന്നും എൻ.ഒ.സി നൽകരുതെന്നും താലുക്ക് തലത്തിൽ സ്ഥിരം മോണിട്ടറിംഗ് സമിതി രൂപീകരിക്കണമെന്നും താലുക്ക് വികസനസമിതി തഹസിൽദാർക്ക് രേഖാമൂലം നിർദ്ദേശം നൽകിയിരുന്നു. ഇതവഗണിച്ചാണ് ഇപ്പോൾ നിർമ്മാണങ്ങൾ തകൃതിയായി നടക്കുന്നത്.