dam
തിങ്കൾക്കാട്ടിൽ ആദിവാസിക്കുടിയ്ക്ക് സമീപം നീരൊഴുക്ക് തടസ്സപ്പെടുത്തി നിർമ്മിച്ചിരിക്കുന്ന ചെക്ക്ഡാം.

രാജാക്കാട്: തോട്ടിലെ നീരൊഴുക്ക് തടസപ്പെടുത്തി സ്വകാര്യവ്യക്തി ചെക്ക്ഡാം നിർമ്മിച്ചിരിക്കുന്നതുമൂലം പ്രാഥമികാവശ്യങ്ങൾക്ക് പോലും വെള്ളമില്ലാതെ തിങ്കൾകാട് രാമൻകണ്ടം മന്നാക്കുടിയിലെ ആദിവാസി കുടുംബങ്ങൾ. 2017ലാണ് ഉടുമ്പൻചോല പഞ്ചായത്തിലെ തിങ്കൾകാട് രാമൻകണ്ടം ആദിവാസി കുടിയിലൂടെ ഒഴുകിയിരുന്ന തോടിന്റെ ഉത്ഭവസ്ഥാനത്ത് അധികൃതരുടെ അനുമതി കൂടാതെ പാറ പൊട്ടിച്ച് നീക്കി തോട്ടമുടമ ചെക്ക് ഡാം നിർമ്മിച്ചത്. ഇതോടെ നീരൊഴുക്ക് തടസപ്പെട്ട് ആദിവാസി കുടുംബങ്ങളുടെ ഏക ജലസ്രോതസായ തോട് വറ്റുകയും ചെയ്തു. ആദിവാസികൾ പഞ്ചായത്ത് മുതൽ ജില്ലാകളക്ടർവരെയുള്ളവർക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. വേനൽ കടുത്തതോടെ തോട് പൂർണമായും വറ്റിവരണ്ടു. കുടിക്കുന്നതിനും അലക്കുകന്നതിനും കുളിക്കുന്നതിനും വെള്ളം കിട്ടാതായി. വൻ തുക മുടക്കി കിലോമീറ്ററുകൾ അകലെ നിന്ന് വാഹനങ്ങളിൽ വെള്ളമെത്തിച്ചാണ് വീട്ടാവശ്യങ്ങൾ നിറവേറ്റുന്നത്. ചെക്ക് ഡാമിനെതിരെ പ്രതികരിച്ചതിന് തോട്ടമുടമ ഭീഷിണിപ്പെടുത്തുന്നതായും ആദിവാസികൾ പറയുന്നു. പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ തെരുവിലിറങ്ങി സമരം നടത്തുമെന്നും ഇവർ പറഞ്ഞു.