തൊടുപുഴ: ദേശാഭിമാനി ലേഖകൻ പി.ഐ. സാബുവിന് മാധ്യമ പ്രവർത്തകരുടെ അന്ത്യാഞ്ജലി. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30ഓടെ പ്രസ്‌ക്ലബിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ മാധ്യമ പ്രവർത്തകരും സമൂഹത്തിലെ നാനാതുറയിൽപ്പെട്ട നിരവധിയാളുകളും ആദരാഞ്ജലി അർപ്പിച്ചു. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ഒരാഴ്ചയായി അതീവ ഗുരുതരാവസ്ഥയിൽ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നലെ ഉച്ചക്ക് 12 ഓടെയായിരുന്നു അന്ത്യം. മൂന്ന് പതിറ്റാണ്ടിലേറെയായി തൊടുപുഴയിലെ പൊതുരംഗത്ത് സജീവ സാന്നിധ്യമായിരുന്ന സാബുവിന്റ വേർപാട് നികത്താനാവാത്ത നഷ്ടമാണ്. 1982 മുതൽ ദേശാഭിമാനി തൊടുപുഴ ഏരിയ ലേഖകനായി പ്രവർത്തിച്ചുവരികയായിരുന്നു. 37 വർഷമായി തൊടുപുഴ താലൂക്ക് ചെത്തു തൊഴിലാളി യൂനിയൻ ഓഫിസ് ചുമതലയും നിർവഹിച്ച സാബു, സി.പി.എം മണക്കാട് ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. മുനിസിപ്പൽ ആക്ടിങ് ചെയർമാൻ സി.കെ. ജാഫർ, ഇടുക്കി പ്രസ്‌ക്ലബ് പ്രസിഡന്റ് അഷ്രഫ് വട്ടപ്പാറ, സെക്രട്ടറി എം.എൻ. സുരേഷ്, സി.പി.എം നേതാക്കളായ വി.വി. മത്തായി, മുഹമ്മദ് ഫൈസൽ, കേരള കോൺഗ്രസ്എം നേതാക്കളായ പ്രഫ. എം.ജെ. ജേക്കബ്, പ്രഫ. കെ.ഐ. ആന്റണി, സി.പി.ഐ നേതാക്കളായ സലിംകുമാർ, പി.പി. ജോയി, ബി.ജെ.പി ജില്ല പ്രസിഡന്റ് ബിനു ജെ. കൈമൾ, മുസ്ലിംലീഗ് ജില്ല പ്രസിഡന്റ് എം.എസ്. മുഹമ്മദ്, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് നാവൂർകനി, സെക്രട്ടറി പി. അജീവ്, അഡ്വ. സി.കെ. വിദ്യാസാഗർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.