കരിങ്കുന്നം: എസ്.എൻ.ഡി.പി യോഗം കരിങ്കുന്നം ശാഖയിലെ ശാസ്താംപാറ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കുംഭപൂയ മഹോത്സവം 13 മുതൽ 18 വരെ നടക്കും. ക്ഷേത്രാചാര്യൻ പവനേഷ് കുമാർ തന്ത്രി, ക്ഷേത്രം മേൽശാന്തി വിഷ്ണു എന്നിവർ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. വിശേഷാൽ പൂജകൾ,​ വഴിപാടുകൾ,​ പള്ളിവേട്ട,​ താലപ്പൊലി ഘോഷയാത്ര,​ കലാപരിപാടികൾ,​ പ്രസാദഊട്ട് എന്നിവ നടക്കും. 18 നാണ് ആറാട്ട്.

ഊട്ടുപുര നിർമ്മാണ ശിലാസ്ഥാപനം ഇന്ന്

പടി. കോടിക്കുളം: തൃക്കോവിൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഊട്ടുപുര നിർമ്മാണ ശിലാസ്ഥാപനം ഇന്ന് രാവിലെ 9 ന് നടക്കും. ക്ഷേത്രം മേൽശാന്തി കെ.എൻ രാമചന്ദ്രൻ ശിലാസ്ഥാപനം നിർവഹിക്കും. ഊട്ടുപുര നിർമ്മാണ ഫണ്ട് പി.കെ നാരായണൻ പാലക്കാട്ടുപറമ്പിൽ,​ പി.എം സത്യൻ പേപ്പതിയ്ക്കൽ എന്നിവരിൽ നിന്നും ക്ഷേത്രം പ്രസിഡന്റ് പി.എസ് രവീന്ദ്രനാഥ് പുളിയ്ക്കൽ,​ സെക്രട്ടറി കെ.കെ രവീന്ദ്രൻ കൊച്ചുപുരയ്ക്കലും ചേർന്ന് ഉദ്ഘാടനം ചെയ്യുമെന്ന് കൺവീനർ അറിയിച്ചു.

കുംഭപ്പൂയ മഹോത്സവവും ഗുരുപ്രതിഷ്‌ഠാ വാർഷികവും

ബൈസൺവാലി: ബൈസൺവാലി ശ്രീബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കുംഭപ്പൂയ മഹോത്സവവും ശ്രീനാരായണഗുരുദേവ പ്രതിഷ്‌ഠാ വാർഷികവും 11 മുതൽ 18 വരെ നടക്കും. 11 ന് രാവിലെ മഹാഗണപതി ഹോമം,​ ചതുശുദ്ധി,​ ധാര,​ പഞ്ചഗവ്യം,​ പഞ്ചകം,​ പഞ്ചവിംശതി കലശാഭിഷേകം,​ ശ്രീഭൂതബലി,​ ഉച്ചപൂജ,​ വൈകിട്ട് 6.30 ന് ദീപാരാധന,​ തുടർന്ന് ഹരിഹരസുധൻ തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിലും ക്ഷേത്രം മേൽശാന്തി പി.എൻ സച്ചിതാനന്ദ്,​ ക്ഷേത്രം ശാന്തി സി.കെ അനീഷ് എന്നിവരുടെ സഹ കാർമ്മികത്വത്തിലും കൊടിയേറ്റ് നടക്കും.