ചെറുതോണി: ജില്ലാ ആസ്ഥാനത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മ്ലാവിനെ കുരുക്കിൽവീഴ്ത്തി കൊന്ന സംഭവത്തിൽ അന്വേഷണം ഇഴയുന്നു.
കഴിഞ്ഞ തിങ്കളാഴ്ച പകലാണ് ഹൈദ്രാബാദ് സ്വദേശിയുടെ പുരയിടത്തിൽ കുടുക്കിൽ വീണ നിലയിൽ മ്ലാവിനെ കണ്ടെത്തിയത്. പുല്ല് ചെത്താനെത്തിയ നാട്ടുകാരാണ് ജീവനുവേണ്ടി പിടയുന്ന മാനിനെ ആദ്യം കണ്ടത്. ഇവർ വിവരം അറിയിച്ചെങ്കിലും ഏറെ നേരം കഴിഞ്ഞാണ് വനപാലകർ എത്തിയത്. മൂന്നു കിലോമീറ്റർ അകലെ വനംവകുപ്പിൻ്റെ നഗരംമ്പാറ റേഞ്ച് ഓഫീസ് ഉണ്ടായിട്ടും സ്ഥലത്ത് എത്താനൊ മ്ലാവിനെ രക്ഷിക്കാനൊ ഉദ്യോഗസ്ഥർ കൂട്ടാക്കിയില്ല. സംഭവം അയ്യപ്പൻകോവിൽ റേഞ്ചിൻ്റെ പരിധിയിലാണെന്നായിരുന്നു ന്യായീകരണം. അയ്യപ്പൻ കോവിലിലെ ഉദ്യോഗസ്ഥർ വിവരം അറിഞ്ഞ് എത്തിയപ്പോഴേക്കും ഏറെ നേരം കഴിഞ്ഞിരുന്നു. അതിനോടകം കുരുക്കിൽ കിടന്ന മാൻ ശ്വാസം മുട്ടി ചാവുകയും ചെയ്തു. സംഭവം അറിഞ്ഞയുടൻ രക്ഷാപ്രവർത്തനത്തിന് ശ്രമിക്കാതിരുന്നത് ഉദ്യോഗസ്ഥരുടെ ഭാഗത്തെ ഗുരുതരമായ വീഴ്ചയാണെന്നും നാട്ടുകാർ പറയുന്നു. സ്ഥിരമായി വന്യമൃഗങ്ങൾ എത്താറുള്ള സ്ഥലത്താണ് കുരുക്ക് വച്ചിരുന്നത്. ഏക്കർ കണക്കിന് വിസ്തീർണമുള്ള കൃഷിയിടത്തിൽ ധാരാളം തീറ്റയും സമീപമുള്ള പെരിയാറ്റിൽ വെള്ളവും ലഭിക്കുന്നതിനാലാണ് മാൻ, കേഴ, മ്ലാവ്, കാട്ടുപന്നി എന്നിവ ഇവിടെ സ്വൈര്യവിഹാരം നടത്തിയിരുന്നത്. ഇതുമനസിലാക്കിയ വേട്ടക്കാർ സ്ഥിരമായി കുരുക്കുവച്ച് വന്യമൃഗങ്ങളെ പിടികൂടുകയാണെന്നും സമീപവാസികൾ പറയുന്നു. പകൽ സമയം മ്ലാവ് കെണിയിൽ കുരുങ്ങിയതുകൊണ്ട് മാത്രമാണ് അറിയാൻ ഇടയായത്. രാത്രിയിലായിരുന്നുവെങ്കിൽ ഇരുചെവിയറിയാതെ കശാപ്പുചെയ്ത് കടത്തുമായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. ഈ സ്ഥലത്ത് കുരുക്കിട്ട് നിരവധി തവണ വന്യമൃഗങ്ങളെ പിടികൂടിയിട്ടുണ്ടെന്ന് വനപാലകരുടെ അന്വേഷണത്തിലും കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ സംബന്ധിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്യാത്തതും ദുരൂഹമാണ്. സ്ഥലം ഉടമയ്‌ക്കെതിരെ വനം വകുപ്പ് കേസെടുത്തിട്ടുണ്ടെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. ഉടമ സ്ഥലത്തില്ലാത്തതിനാൽ കാവൽക്കാരൻ നിരീക്ഷണത്തിലാണെന്നും പ്രതികളെ സംബന്ധിച്ച് വ്യക്തമായ സൂചന ലഭച്ചിട്ടുണ്ടെന്നും ഉടൻ അറസ്റ്റുചെയ്യുമെന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.