മുട്ടം: ഹിമാലയന്‍ കൊടുമുടി കയറിയ ധീര വനിതയെന്ന ബഹുമതിയുമേന്തി മുട്ടം നിവാസികളുടെ പ്രിയങ്കരിയായിരുന്ന വാണിയപ്പുരക്കൽ ചിന്നമ്മ ടീച്ചർക്ക് നാട്ടുകാരും ബന്ധുമിത്രാതികളും ഇന്ന് യാത്രമൊഴി ചൊല്ലും. തുടങ്ങനാട്ടെ മകന്‍െറ വസതിയിൽ വിശ്രമജീവിതം നയിക്കുകയായിരുന്ന കഴിഞ്ഞ വെള്ളിയാഴ്ചയാണ് ടീച്ചർ നിര്യാതയായത്. ഇന്ന് രാവിലെ 10.30 ന് തുടങ്ങനാട് സെന്റ് തോമസ് ഫൊറോന പള്ളിയിൽ സെമിത്തോരിയിൽ സംസ്കാര ചടങ്ങുകൾ നടക്കും. ടീച്ചറിൻ്റെ വിയോഗവാർത്ത അറിഞ്ഞതുമുതൽ നാട്ടുകാരുടെ ഓർമ്മകളിൽ ഓടിയെത്തുന്നത് വർഷങ്ങൾക്കുമുമ്പ് നാട്ടിൻപുറത്തെ ഒരു 29 കാരി സ്വന്തമാക്കിയ അപൂർവ ബഹുമതിയെക്കുറിച്ചാണ്. കാഞ്ചൻജംഗ കൊടുമുടി കീഴടക്കിയ ആദ്യ മലയാളി വനിതയാണ് ടീച്ചർ.

1962 മേയ് 15ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ഹിമാലയൻ കൊടുമുടി കയറാൻ തിരഞ്ഞെടുക്കപ്പെട്ട 24 പേരില്‍ ഒരാളായിരുന്നു വി.എം. അന്നക്കുട്ടി എന്ന ചിന്നമ്മ ടീച്ചർ (വിവാഹശേഷം പേര് മാറി). ആദ്യമായി എവറസ്റ്റ് കീഴടക്കിയ ടെന്‍സിങ് നോര്‍ഗയായിരുന്നു സംഘത്തലവൻ. കോട്ടയം രാമപുരം എസ്.എച്ച്.ജി.എച്ച്.എസിലെ അദ്ധ്യാപികയും, എൻ സി സി ഓഫീസറുമായിരുന്ന ടീച്ചർക്ക് അന്ന് 29 വയസ് ആയിരുന്നു പ്രായം. സ്ത്രീകളെയും ഹിമാലയന്‍ മലനിരകളുടെ ഉന്നതിയില്‍ എത്തിക്കുക എന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയെ തുടര്‍ന്നാണ് ടീച്ചര്‍ക്ക് ആ സൗഭാഗ്യം സിദ്ധിച്ചത്. എന്‍.സി.സി വേഷം ധരിച്ച് ട്രെയിനുകള്‍ മാറിമാറി കയറി മദ്രാസ് വഴി കൊല്‍ക്കത്തയിലും അവിടെനിന്ന് മഹാരാജ്പൂര്‍ഘട്ടിലും പിന്നീട് ബോട്ടിൽ ഗംഗാനദി കടന്ന് സിലിഗുരി സ്റ്റേഷനിലൂടെ ഡാര്‍ജിലിങ് വരെ എത്താന്‍ ദിവസങ്ങള്‍ വേണ്ടിവന്നെന്ന ടീച്ചറിൻ്റെ അനുഭവസാക്ഷ്യം മുട്ടത്തെ പൂർവവിദ്യാർത്ഥികൾക്ക് ഇന്നും കാണാപ്പാഠമാണ്.

യാത്രക്കിടെ രാവിലെ അഞ്ചിന് ഉണര്‍ന്ന് ഐസ് ആക്സ് ഉപയോഗിച്ച് പ്രത്യേക സ്ഥലത്ത് കുഴിയുണ്ടാക്കി പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിച്ചിരുന്നത് മുതൽ , ബ്രഡ്, ചോക്ളേറ്റ്, ചപ്പാത്തി, ബിസ്കറ്റ്, ആട്ടിറച്ചി തുടങ്ങിയ ഭക്ഷണവിശേഷങ്ങളുമൊക്കെ ടീച്ചർ വിദ്യാർത്ഥികളോട് പങ്കുവച്ചിട്ടുണ്ട്.

മുളങ്കമ്പുകൊണ്ട് പാലം നിര്‍മിച്ചുള്ള യാത്രകളും കടുത്ത മഞ്ഞുവീഴ്ചയും കാറ്റും ടെന്‍ഡുകളിലിരിക്കുന്നതുപോലും ദുഷ്കരമാക്കിയ ദുരനുഭവങ്ങളും കഥകളിലുണ്ടാകുമായിരുന്നു. സംഘത്തിലെ നാലുപേര്‍ രോഗം കാരണം ബേസ് ക്യാമ്പിലേക്ക് മടങ്ങിയപ്പോഴും ടീച്ചർ ഉൾപ്പടെയുള്ളവര്‍ മുന്നോട്ട് നീങ്ങാൻ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷേ പ്രതികൂല കാലാവസ്ഥകാരണം 13 ദിവസത്തെ ദുഷ്കര യാത്രക്ക് ഒടുവില്‍ ദൗത്യം അവസാനിപ്പിച്ച് തിരിച്ചിറങ്ങി. ഹിമാലയത്തിലെ കാഞ്ചൻ ജംഗ കൊടുമുടിയിലാണ് ആ യാത്ര അവസാനിച്ചത്. പര്‍വതാരോഹണം ഒരനുഭവമാണെന്ന ടീച്ചറുടെ വാക്കുകൾ അയൽവാസികളുടെ കാതുകളിൽ ഇപ്പോഴും മുഴങ്ങുന്നുണ്ട്.